കാസര്‍കോട്: ഒരു മാസം പ്രായമായ ആണ്‍കുഞ്ഞിനെ വില്‍പ്പന നടത്തിയതായി പരാതി. പൊലീസിന്റെ സഹായത്തോടെ ശിശുക്ഷേമ സമിതി നടത്തിയ അന്വേഷണത്തില്‍ കുഞ്ഞിനെ നീര്‍ച്ചാല്‍ വില്ലേജിലെ ഒരു വീട്ടില്‍ കണ്ടെത്തി. കുഞ്ഞിനെയും കുഞ്ഞിന്റെ അച്ഛനെയും കസ്റ്റഡിയില്‍ എടുത്തു. കുഞ്ഞിനെ വിലയ്ക്കു വാങ്ങിയതല്ലെന്നും പോറ്റാനായി സ്വീകരിച്ചതാണെന്നുമാണ് കുഞ്ഞിനെ കണ്ടെത്തിയ വീട്ടിലുള്ള സ്ത്രീ അധികൃതരോട് വ്യക്തമാക്കിയത്. കുഞ്ഞിനെ തിരികെ നല്‍കിയില്ലെങ്കില്‍ ജീവിതം അവസാനിപ്പിക്കുമെന്നു ഭീഷണി മുഴക്കിയതായും പറയുന്നു.
ഒരു മാസം പ്രായമായ കുഞ്ഞിനെ കൈമാറിയ സംഭവത്തെ കുറിച്ച് അധികൃതരില്‍ നിന്നു ലഭിക്കുന്ന വിവരങ്ങള്‍ ഇങ്ങിനെ-” കുമ്പള ടൗണിനു സമീപത്തെ ഒരു യുവതിയുടേതാണ് കുഞ്ഞ്. ഇവരുടെ ആദ്യ ഭര്‍ത്താവ് നേരത്തെ മരിച്ചിരുന്നു. ഈ ബന്ധത്തില്‍ മക്കളുണ്ട്. ഇതേ തുടര്‍ന്ന് ഭാര്യയും മക്കളും ഉള്ള ബംഗ്ളൂരുവിലെ ഹോട്ടലില്‍ ജോലിക്കാരനായ ഒരാളുമായി യുവതിയുടെ കല്യാണം കഴിഞ്ഞു. യുവതിക്ക് ആദ്യ ഭര്‍ത്താവില്‍ ഉണ്ടായ രണ്ടു കുട്ടികളും കൂടെ ഉണ്ടായിരുന്നു. ഈ ബന്ധത്തില്‍ യുവതി ഗര്‍ഭിണി ആവുകയും ഒരു മാസം മുമ്പ് ആണ്‍കുഞ്ഞിനു ജന്മം നല്‍കുകയും ചെയ്തു. ഈ കുട്ടിയെയാണ് കുട്ടികളില്ലാത്ത ഒരു സ്ത്രീക്ക് കൈമാറിയത്. ഇക്കാര്യം കൂടുതല്‍ ആരും അറിഞ്ഞിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ആരോഗ്യ പ്രവര്‍ത്തക യുവതിയുടെ വീട്ടില്‍ എത്തിയപ്പോള്‍ കുഞ്ഞിനെ കാണണമെന്നു ആവശ്യപ്പെട്ടു. എന്നാല്‍ കുഞ്ഞിനെ കാണിച്ചു കൊടുക്കാന്‍ കഴിയാതെ മാതാവ് പരുങ്ങുന്നതു കണ്ടു വിശദമായി ചോദിച്ചപ്പോഴാണ് കുഞ്ഞിനെ കൈമാറിയ വിവരം അറിഞ്ഞത്. ഉടന്‍ തന്നെ ഇക്കാര്യം ശിശുക്ഷേമ സമിതിയെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ മറ്റൊരു സ്ത്രീയുടെ വീട്ടില്‍ കണ്ടെത്തിയത്. വളര്‍ത്താനായി തന്നതാണെന്നാണ് പ്രസ്തുത യുവതി ബന്ധപ്പെട്ടവരോട് പറഞ്ഞത്. കുഞ്ഞിനെ തന്നില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നു ഭീഷണി മുഴക്കുകയും ചെയ്തു. കുഞ്ഞിനെ സംരക്ഷിക്കുന്നതിനു നിയമപരമായി ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യാമെന്നാണ് അധികൃതര്‍ ഉറപ്പു നല്‍കിയിട്ടുള്ളത്.”
അതേസമയം കുഞ്ഞിന്റെ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.







