കൊൽക്കത്ത: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ‘മൊന്‍ ത’ ചുഴലിക്കാറ്റ് കൂടുതൽ ശക്തിപ്രാപിച്ച് തീരത്തോട് അടുക്കുന്നു. വൈകുന്നേരത്തോടെ തീരം തൊടും എന്നാണ് അധികൃതരുടെ പ്രതീക്ഷ. ആന്ധ്രാപ്രദേശിലെ കാക്കിനാടക്കു സമീപം മച്ചല്ലിപട്ടണത്തിന് തെക്ക്–കിഴക്കായി ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് 260 കിലോമീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റ്. തീരത്ത് എത്തുമ്പോള്‍ 80 മുതല്‍ 100 കിലോമീറ്റര്‍ വേഗതയിലുള്ള ചുഴലിക്കാറ്റായി മാറുമെന്നാണ് അധികൃതർ പറയുന്നത്. ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ ആന്ധ്രാ, ഒഡിഷ സംസ്ഥാനങ്ങളിൽ കനത്തമഴ തുടരുകയാണ്. ആന്ധ്രയിലെ 23 ജില്ലകളില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടാണ്. കാക്കിനടയിലും പരിസരങ്ങളിലും ദേശീയ ദുരന്ത നിവാരണ സേനയുടെ കൂടുതല്‍ യൂണിറ്റുകള്‍ വിന്യസിച്ചിട്ടുണ്ട്. വിശാഖപട്ടണം വിമാനത്താവളത്തിൽ നിന്നുള്ള ഏല്ലാ സർവിസുകളും ഇൻഡിഗോയും, എയർ ഇന്ത്യയും റദ്ദാക്കി. വിശാഖപട്ടണം വഴി കടന്നു പോകുന്ന 43 ട്രെയിനുകൾ റദ്ദാക്കി. തിങ്കളാഴ്ച രാത്രി ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡുവിനെ ഫോണിൽ വിളിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നൊരുക്കങ്ങൾ വിലയിരുത്തി. ഗർഭിണികളെയും മുതിർന്ന പൌരന്മാരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. വിവിധ ജില്ലകളിൽ താത്കാലിക ഹെലിപ്പാഡുകൾ തുറക്കുകയും സൈന്യത്തോട് സജ്ജരായിരിക്കാൻ നിർദേശിക്കുകയും ചെയ്തതായി പ്രധാനമന്ത്രിയുമായി സംസാരിച്ചതിനു ശേഷം ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അറിയിച്ചു. പശ്ചിമ ബംഗാൾ തീരം വരെ മത്സ്യബന്ധനവും നിരോധിച്ചിട്ടുണ്ട്. തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കൽ, തീരദേശ കർണാടക എന്നിവിടങ്ങളിൽ കനത്ത മഴയുണ്ട്. ആന്ധ്രായിലെ കാക്കിനട, ഈസ്റ്റ്, വെസ്റ്റ് ഗോദാവരി,കൊനസീമ എലൂരു ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച വരെ അവധി നൽകി.അതേസമയം, സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും പരക്കെ മഴ ലഭിക്കും. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലാണ് യെലോ അലര്‍ട്ട് നല്‍കിയിട്ടുള്ളത്. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. സംസ്ഥാനത്ത് രണ്ടുദിവസം കൂടി മഴ തുടരും.







