ന്യൂഡല്‍ഹി: സൈനിക ഉദ്യോഗസ്ഥനായി ചമഞ്ഞ് ഡല്‍ഹിയിലെ വനിതാ ഡോക്ടറെ ബലാത്സംഗത്തിന് ഇരയാക്കിയ
യുവാവ് അറസ്റ്റില്‍. ഡല്‍ഹിയിലെ ഛത്തര്‍പൂരില്‍ നിന്നുള്ള ആരവ് എന്നയാള്‍ ആണ് അറസ്റ്റിലായത്. ഡെലിവറി പേഴ്‌സണായി ജോലി ചെയ്തുവരികയായിരുന്നു യുവാവ്. ലെഫ്റ്റനന്റായി വേഷമിട്ടാണ് ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോക്ടറുമായി ഇന്‍സ്റ്റാഗ്രാമില്‍ യുവാവ് ചാറ്റ് ചെയ്തത്. സൗഹൃദത്തിലായതോടെ ഡോക്ടറുടെ ഫോണ്‍ നമ്പര്‍ കൈക്കലാക്കി വാട്‌സാപ്പില്‍ ചാറ്റ് ആരംഭിച്ചു. താന്‍ ജമ്മുകാശ്മീരിലാണ് സൈനികനായി ജോലി ചെയ്യുന്നുവെന്നാണ് യുവാവ് വനിതാ ഡോക്ടറോട് പറഞ്ഞിരുന്നത്. അതിനിടെ ആരവ് ഡോക്ടറുടെ വീട് സന്ദര്‍ശിക്കുകയും ചെയ്തു. ഒക്ടോബര്‍ ആദ്യം ഡല്‍ഹിയിലുള്ള മസ്ജിദ് മോത്ത് എന്ന സഥലത്തെ ഡോക്ടറുടെ വീട്ടില്‍ ഇയാള്‍ സന്ദര്‍ശനം നടത്തിയിരുന്നുവെന്നും കൂടിക്കാഴ്ചയില്‍ ഡോക്ടറുടെ ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നുമാണ് ഇയാള്‍ക്കെതിരെയുള്ള പ്രധാന ആരോപണം. ഒക്ടോബര്‍ 16 ന് ബോധം വീണ്ടെടുത്തതോടെ സഫ്ദര്‍ജംഗ് എന്‍ക്ലേവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
ഛത്തര്‍പൂരിലെ നിരവധി സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡിന് ശേഷമാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍, ഡോക്ടറെ കബളിപ്പിക്കാന്‍ വേണ്ടി ഒരു കടയില്‍ നിന്ന് ആര്‍മി യൂണിഫോം വാങ്ങിയതായി ആരവ് വെളിപ്പെടുത്തി.








