ആഗ്ര: പാമ്പ് കടിയേറ്റ് മരിച്ച 10 വയസുകാരന്റെ മൃതദേഹം മൂന്ന് ദിവസത്തോളം വേപ്പിലയും ചാണകവും കൊണ്ട് മൂടിയിട്ട സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഹാഥ്രസിലെ ഹസായന്‍ ഏരിയയിലുള്ള ഇറ്റാര്‍ണി ഗ്രാമത്തിലാണ് ഈ ഖേദകരമായ സംഭവം നടന്നത്. ഉയിര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ സാധിക്കുമെന്ന വിശ്വാസത്തില്‍ മന്ത്രവാദിയുടെ നിര്‍ദേശപ്രകാരമാണ് കുടുംബം ഇതുചെയ്തത്. ഒക്ടോബര്‍ 20ന് ദീപാവലി ദിവസം രാത്രിയില്‍ വീട്ടില്‍ വെച്ചാണ് പാമ്പ് കടിയേറ്റ് കപില്‍ ജാതവ് എന്ന ബാലന്‍ മരിച്ചത്. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. മൃതദേഹവുമായി വീട്ടിലെത്തിയ ശേഷം, മന്ത്രവാദികളെ കാണണമെന്ന് അയല്‍വാസികള്‍ കുട്ടിയുടെ മാതാപിതാക്കളോട് നിര്‍ദേശിച്ചുവത്രേ. തുടര്‍ന്ന് കുടുംബം മൃതദേഹം മഥുരയിലേക്ക് കൊണ്ടുപോയെങ്കിലും മന്ത്രവാദിയുടെ ശ്രമം പരാജയപ്പെട്ടു. അവസാന ശ്രമമെന്ന നിലയില്‍, മൃതദേഹം വേപ്പിലയും ഉണങ്ങിയ ചാണകവും കൊണ്ട് പൂര്‍ണ്ണമായും മൂടി. അവിടെ വെച്ച് മന്ത്രവാദികള്‍ കുട്ടിയെ ‘പുനരുജ്ജീവിപ്പിക്കാന്‍’ വേണ്ടി മറ്റ് ചടങ്ങുകള്‍ നടത്തി. തുടര്‍ച്ചയായി മൂന്ന് ദിവസം കുട്ടിയുടെ കാലില്‍ ഒരു മരച്ചില്ല കൊണ്ട് തട്ടിനോക്കി കുടുംബാംഗങ്ങളും നാട്ടുകാരും അനക്കത്തിനായി കാത്തിരെന്നങ്കിലും ജീവന്‍ തിരിച്ചുകിട്ടിയില്ല. അതിനിടെ ആരോ പൊലീസില്‍ വിവരം അറിയിച്ചു. അധികൃതര്‍ സ്ഥലത്തെത്തി മൃതദേഹം ഉടന്‍ പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം വെള്ളിയാഴ്ച രാവിലെ മൃതദേഹം സംസ്‌കരിച്ചുവെന്ന് കുട്ടിയുടെ പിതാവ് നരേന്ദര്‍ ജാതവ് പറഞ്ഞു. എന്നാല്‍ സംഭവത്തില്‍ ഇതുവരെ ആരും പരാതി നല്‍കിയിട്ടില്ല. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് ഹസായന്‍ എസ്.എച്ച്.ഒ ഗിരീഷ്ചന്ദ്ര ഗൗതം അറിയിച്ചു.







