പ്രയാഗ്രാജ്: ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ മാധ്യമപ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തു. ധുമന്‍ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ശകുന്തള കുഞ്ച് കോളനിയിലെ താമസക്കാരനായ ലക്ഷ്മി നാരായണ്‍ സിങ് എന്ന പപ്പു സിങ് (54) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈകുന്നേരം പ്രയാഗ്രാജിലെ സിവില്‍ ലൈന്‍സ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹര്‍ഷ് ഹോട്ടിലിന് സമീപം ആണ് സംഭവം നടന്നത്. സിങ്ങിനെ കൊല്ലുക എന്ന ലക്ഷ്യത്തോടെയാണ് അക്രമികള്‍ കുല്‍ദാബാദ് മത്സ്യ മാര്‍ക്കറ്റില്‍ നിന്ന് കത്തി വാങ്ങിയത്. അക്രമികള്‍ സിങിനെ പലതവണ കുത്തിപ്പരിക്കേല്‍പ്പിച്ചു. സിങിന്റെ ശരീരത്തില്‍ രണ്ട് ഡസനിലധികം കുത്തേറ്റ പാടുകള്‍ കണ്ടെത്തിയതായാണ് വിവരം. ഗുരുതരമായി പരിക്കേറ്റ് വഴിയില്‍ വീണ ഇദ്ദേഹത്തെ നാട്ടുകാര്‍ ചേര്‍ന്ന് പ്രയാഗ്രാജിലെ സ്വരൂപ് റാണി നെഹ്റു ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഘര്‍ഷത്തിനിടെ സ്ഥലത്ത് നിന്ന് ഓടിപ്പോകാന്‍ ശ്രമിക്കുന്നതിനിടെ പൊലീസിന്റെ വെടിയേറ്റ് പ്രതികളിലൊരാളായ വിശാലിന് പരിക്കേറ്റതായി പ്രയാഗ്രാജ് എസ്പി പറഞ്ഞു.
വിശാല്‍, സാഹില്‍ എന്നീ രണ്ട് പ്രതികളെ യുപി പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് അശോക് സിങിന്റെ അനന്തരവനാണ് കൊല്ലപ്പെട്ട എല്‍എന്‍ സിങ്.
ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല. വിശാലുമായി വ്യക്തി വൈരാഗ്യമുണ്ടായതായി പറയപ്പെടുന്നുണ്ട്. മാധ്യമപ്രവര്‍ത്തകന്റെ കുടുംബം ഈ കേസില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.







