മുംബൈ: പൊലീസ് സബ് ഇന്‍സ്പെക്ടര്‍ക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ച് മഹാരാഷ്ട്രയിലെ ജില്ലാ ആശുപത്രിയിലെ വനിതാ ഡോക്ടര്‍ ജീവനൊടുക്കി. അഞ്ചുമാസത്തിനിടെ നാലുവട്ടം പൊലീസ് ഉദ്യോഗസ്ഥന്‍ തന്നെ ക്രൂരമായി ബലാല്‍സംഗം ചെയ്തുവെന്ന് കൈപ്പത്തിയില്‍ ആത്മഹത്യാക്കുറിപ്പെഴുതിയാണ് ജീവനൊടുക്കിയത്. മഹാരാഷ്ട്രയിലെ സത്താറയിലാണ് സംഭവം. സത്താറയിലെ ഫല്‍ട്ടന്‍ സബ് ജില്ലാ ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസറായി ജോലി ചെയ്തിരുന്ന യുവതിയാണ് ആശുപത്രിയില്‍ ആത്മഹത്യ ചെയ്തത്. അഞ്ചു മാസത്തിനിടെ നാലു തവണ ഗോപാല്‍ ബദ്‌നെ എന്ന എസ്ഐ തന്നെ ബലാത്സംഗം ചെയ്തതെന്നും മറ്റൊരു ഉദ്യോഗസ്ഥനായ പ്രശാന്ത് ബങ്കര്‍ തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നും അവര്‍ ആരോപിച്ചിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് ഫല്‍ട്ടണ്‍ സബ് ഡിവിഷണല്‍ ഡിഎസ്പിക്ക് അയച്ച കത്തിലും യുവതി സമാനമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. വ്യാഴാഴ്ച രാത്രി നടന്ന ഈ ആത്മഹത്യ മഹാരാഷ്ട്രയില്‍ വലിയ രാഷ്ട്രീയ വിവാദത്തിന് കാരണമായിട്ടുണ്ട്. ആരോപണവിധേയനായ എസ്.ഐ ഗോപാല്‍ ബഡ്നയെ മഹാരാഷ്ട്ര പൊലീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. മഹാരാഷ്ട്ര സംസ്ഥാന വനിതാ കമ്മിഷന്‍ സംഭവത്തില്‍ ഇടപെടുകയും ഡോക്ടറുടെ പരാതിയില്‍ നടപടിയെടുക്കുന്നതിലുണ്ടായ വീഴ്ചയെക്കുറിച്ച് അന്വേഷിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയതായി അറിയിക്കുകയും ചെയ്തു.








