കാസർകോട്: വീടിന്റെ പരിസരത്ത് സൂക്ഷിച്ച എംഡി എം എയുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. ചെറുവത്തൂർ മുണ്ടക്കണ്ടം സ്വദേശി നിതിൻ(34) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് കാസർകോട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ വിഷ്ണു പ്രകാശും സംഘവുമാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ വീടിന്റെ പരിസരത്തുനിന്ന് 5.831 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. കറുത്ത പ്ലാസ്റ്റിക് ബോക്സിൽ ഒളിപ്പിച്ച് വെച്ച നിലയിലായിരുന്നു മയക്കുമരുന്ന്. റെയിൽവേ സ്റ്റേഷനുമായി ഏറെ ബന്ധമുള്ള മുണ്ടകണ്ടം പ്രദേശത്ത് കഞ്ചാവ് വിൽപ്പന നടക്കുന്നതായി നേരത്തെ എക്സൈസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആളുകളെ എക്സൈസ് നിരീക്ഷിച്ചു വന്നിരുന്നു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ് )മാരായ വി പ്രമോദ് കുമാർ, സി കെ വി സുരേഷ്, ഗ്രേഡ് പ്രിവന്റ്റ്റീവ് ഓഫീസർമാരായ കെ നൗഷാദ്, സി അജീഷ്, സിവിൽ എക്സൈസ് ഓഫീസർ വി മഞ്ജുനാഥൻ, വനിത സിവിൽ എക്സൈസ് ഓഫീസർ ധന്യ ടിവി എന്നിവരും പരിശോധക സംഘത്തിൽ ഉണ്ടായിരുന്നു
