ജയ്സാൽമിർ: രാജസ്ഥാനില്‍ ബസ്സിന് തീപിടിച്ച് 20 പേർ വെന്തു മരിച്ചു. ജയ്സാൽമിറിനടുത്തുള്ള ഒരു പ്രദേശത്ത് വെച്ച് എസി സ്ലീപ്പർ ബസ്സിനാണ് തീപിടിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. ജയ്സാൽമീർ-ജോധ്പൂർ ഹൈവേയിൽ വെച്ച് ഏകദേശം 3.30ഓടെ തീപിടുത്തം നടന്നതായാണ് വിവരം. ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. ബസ്സിൽ 57 യാത്രക്കാർ ഉണ്ടായിരുന്നു. ബസിന് പിൻഭാഗത്ത് നിന്ന് പുക ഉയർന്നപ്പോൾ ഡ്രൈവർ ബസ് നിർത്തി. എങ്കിലും നിമിഷങ്ങൾക്കുള്ളിൽ തീ ആളിപ്പടർന്നു. 20 യാത്രക്കാർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഒരാൾ മാത്രം ആശുപത്രിയിൽ വെച്ച് മരിച്ചു. 79 വയസ്സുള്ള ഹുസൈൻ ഖാൻ എന്നയാളാണ് ജോധ്പൂരിലെ വെച്ച് മരണപ്പെട്ടത്. ബാക്കിയുള്ള 19 പേർ ജയ്സാൽമീറിൽ സംഭവസ്ഥലത്തു തന്നെ മരണപ്പെട്ടു. പതിനഞ്ചോളം യാത്രക്കാർക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇവരിൽ നാല് സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പെടുന്നു. ചിലർക്ക് 70 ശതമാനം വരെ പൊള്ളലേറ്റിട്ടുണ്ട്.പരിക്കേറ്റവരെ ആദ്യം ജയ്സാൽമീറിലെ ജവഹർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി ജോധ്പൂരിലേക്കും മാറ്റി. ബസ്സ് പൂർണ്ണമായും കത്തി നശിച്ചതായും പല മൃതദേഹങ്ങളും തിരിച്ചറിയാൻ കഴിയാത്ത വിധം കത്തിക്കരിഞ്ഞതായും ജയ്സാൽമീർ ജില്ലാ കളക്ടർ പ്രതാപ് സിംഗ് സ്ഥിരീകരിച്ചു. മൃതദേഹങ്ങൾ തിരിച്ചറിയാൻ ജോധ്പൂരിൽ നിന്നുള്ള ഡിഎൻഎ, ഫോറൻസിക് ടീമുകൾ സ്ഥലത്തെത്തിയിട്ടുണ്ട്.മരിച്ചവരുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെടാൻ ജില്ലാ ഭരണകൂടം ഒരു ഹെൽപ്പ് ലൈൻ സജ്ജീകരിച്ചിട്ടുണ്ട്. രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ ചൊവ്വാഴ്ച രാത്രി വൈകി ജയ്സാൽമീറിലെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങളിൽ സഹായിച്ച സൈനികർക്കും പ്രദേശവാസികൾക്കും അദ്ദേഹം നന്ദി അറിയിച്ചു. പോക്രൻ എംഎൽഎ പ്രതാപ് പുരി, എംഎൽഎ സാംഗ് സിംഗ് ഭാട്ടി എന്നിവരും ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ജോധ്പൂരിൽ ചികിത്സയിലുള്ള പരിക്കേറ്റവരെ സന്ദർശിക്കാനും മുഖ്യമന്ത്രി ജോധ്പൂരിലേക്ക് പോകും. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കൾക്ക് PMNRF-ൽ നിന്ന് 2 ലക്ഷം രൂപ വീതം സഹായധനം നൽകും. പരിക്കേറ്റവർക്ക് 50,000 രൂപ വീതം നൽകുമെന്ന് അദ്ദേഹം അറിയിച്ചു.
