കാസര്‍കോട്: ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയ്ക്കും വിശ്വാസവഞ്ചനയ്ക്കുമെതിരെ മുന്‍ കെപിസിസി പ്രസിഡന്റ് കെ മുരളീധരന്‍ നയിക്കുന്ന വിശ്വാസ സംരക്ഷണ യാത്രക്ക് കാഞ്ഞങ്ങാട് ഉജ്വല തുടക്കം. കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൗണ്‍ഹാളിന് സമീപമുള്ള ഹെറിറ്റേജ് സ്‌ക്വയറില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കെ മുരളീധരന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
ശബരിമലയിലെ സ്വര്‍ണ്ണപ്പാളികള്‍ കളവ് നടന്ന സംഭവത്തില്‍ ദേവസ്വം വകുപ്പ് മന്ത്രിയെയും ദേവസ്വം ബോര്‍ഡിനേയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ടും ഇടതുപക്ഷത്തിന്റെ കപട മുഖം ജനങ്ങള്‍ക്ക് മുന്‍പില്‍ തുറന്നുകാട്ടുന്നതിന് വേണ്ടിയുമാണ് കെപിസിസി യുടെ നേതൃത്വത്തില്‍ വിശ്വാസ സംരക്ഷണ യാത്ര നടന്നന്നത്. ജാഥ ഉപനായകന്‍ ടി സിദ്ദിഖ് എംഎല്‍എ, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, ജാഥാ മാനേജറും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ പി എം നിയാസ്, കെപിസിസി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യന്‍, സംസ്ഥാനത്തെയും, ജില്ലയിലെയും പ്രമുഖ നേതാക്കള്‍, പരിപാടിയില്‍ സംബന്ധിച്ചു. ഡിസിസി പ്രസിഡന്റ് പി കെഫൈസല്‍അധ്യക്ഷനായി. സംഘാടന സെക്രട്ടറി എം സി പ്രഭാകരന്‍ സ്വാഗതം പറഞ്ഞു. ഷാനിമോള്‍ ഉസ്മാന്‍, ബാലകൃഷ്ണന്‍ പെരിയ സംസാരിച്ചു.
