തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് കുട്ടികള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കണ്ണൂര്‍ സ്വദേശിയായ മൂന്നരവയസുകാരനും കാസര്‍കോട് സ്വദേശിയായ ആറ് വയസുകാരനുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അതിനിടെ രോഗം ബാധിച്ച ഒരാള്‍ കൂടി മരിച്ചു. കടയ്ക്കല്‍ സ്വദേശി ബിജുവാണ് മരിച്ചത്. മൂന്നാഴ്ച മുമ്പാണ് അസുഖം ബാധിച്ചത്. വര്‍ക്ക് ഷോപ്പ് ജീവനക്കാരനായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലുള്ള മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വിട്ടുനല്‍കും. ഞായറാഴ്ചയും ഒരുമരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൊല്ലം പട്ടാഴി സ്വദേശിയായ സ്ത്രീ ആണ് മരിച്ചത്. 48 വയസ്സായിരുന്നു. സെപ്തംബര്‍ 23-ാം തീയതി മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഏഴുപേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. മൂന്നു കുട്ടികളും നാലുമുതിര്‍ന്നവരുമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സിയിലുളളത്.
പാലക്കാട് കൊടുമ്പ് പഞ്ചായത്തില്‍ 62 കാരനായ ഒരാള്‍ക്ക് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചിരുന്നു. ഒക്ടോബര്‍ അഞ്ചിന് ചികിത്സ തേടി ഇദ്ദേഹം കൊടുമ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പിന്നീട് കൊടുവായൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്കും എത്തി. പിന്നാലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആറാം തീയതി നടത്തിയ പ്രാഥമിക പരിശോധനയിലാണ് രോഗ സൂചന ലഭിച്ചത്. എട്ടാം തീയതി രോഗ സ്ഥിരീകരിച്ചതോടെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. നിലവില്‍ രോഗി അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. രോഗ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല.
