തിരുവനന്തപുരം: തിരക്കുള്ള ബേക്കറിയില്‍ കയറി ഭക്ഷണവും കഴിച്ച് 500 ഓളം രൂപയുടെ മോഷണവും നടത്തി മുങ്ങിയ യുവാവിനെ വീട് തപ്പിപ്പിടിച്ച് ആദരവൊരുക്കി കടയുടമ. കടയ്ക്കാവൂരിലെ ബേക്കറി ഉടമയായ അനീഷ് ആണ് സ്വന്തം സ്ഥാപനത്തില്‍ മോഷ്ടിച്ച് മുങ്ങിയ ആളിന്റെ അഡ്രസ് ഉള്‍പ്പടെ തപ്പിയെടുത്ത് വീട്ടില്‍ ചെന്ന് ‘മീശമാധവന്‍ പുരസ്‌കാരം 2025 ‘ നല്‍കി ആദരിച്ചത്. കടയില്‍ ആളുള്ളപ്പോള്‍ ആരുടെയും ശ്രദ്ധയില്‍പെടാതെ സാധനം അടിച്ച് മാറ്റുന്നവരുടെ കഷ്ടപ്പാടിനെ ‘ബഹുമാനികണമെന്നാണ് കട ഉടമയുടെ അഭിപ്രായം. കഴിഞ്ഞ എട്ടിന് രാത്രിയോടെയായിരുന്നു സംഭവം. വര്‍ക്കല ഞെക്കാട് സ്വദേശി നബീബ് ആണ് ഭക്ഷണം കഴിച്ച ശേഷം 500 രൂപയുടെ മോഷണവും നടത്തി മുങ്ങിയത്. ആരുമറിഞ്ഞില്ലെന്നാണ് ഇയാള്‍ കരുതിയതെങ്കിലും എല്ലാം വിശദമായി സിസിടിവിയില്‍ പതിഞ്ഞിരുന്നു. എന്നാല്‍ സ്‌കൂട്ടിയില്‍ എത്തിയ ഇയാള്‍ അനീഷ് പുറത്തെത്തിയപ്പോഴേക്കും കടന്നു കളഞ്ഞിരുന്നു. ഇതോടെയാണ് മോഷ്ടാവിനെ എങ്ങനെ പിടികൂടാം എന്നു ആലോചിച്ചതെന്ന് അനീഷ് പറയുന്നു. മറക്കാത്തൊരു സമ്മാനം കള്ളന് നല്‍കാന്‍ തീരുമാനിച്ചു. അങ്ങനെ ഭാര്യയോടൊപ്പെ കള്ളനെ തേടി പുറപ്പെട്ട് കണ്ടുപിടിച്ചു. ഒരു മൊമെന്റോ വാങ്ങി ഇയാളുടെ മോഷണദൃശ്യവും പതിപ്പിച്ചാണ് മൂന്നാം ദിവസം ഞെക്കാടുള്ള വീടിനടുത്തെത്തി പൊന്നാടയണിയിച്ച് പുരസ്‌കാരം സമ്മാനിച്ചത്. ചടങ്ങിന്റെ വിഡിയോവും ചിത്രീകരിച്ചു. വിഡിയോ സമൂഹമാധ്യമത്തില്‍ പ്രചരിപ്പിക്കുകയും ചെയ്തു. തനിക്ക് അബദ്ധം പറ്റിപ്പോയെന്ന് യുവാവ് പറയുന്നതും അത് സാരമില്ലെന്ന് അനീഷ് പറയുകയും ചെയ്യുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. പല തവണയായി കടയില്‍ മോഷണം നടന്നിട്ടുണ്ട്. തനിക്കും സാമ്പത്തിക ബുദ്ധിമുട്ടുണ്ട്. വേറെ ഗതിയില്ലാതെയാണ് ഈ വഴി തെരഞ്ഞെടുത്തതെന്നും അനീഷ് പറഞ്ഞു. സംഭവത്തില്‍ കടയ്ക്കാവൂര്‍ പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.







