കണ്ണൂര്‍: ദേശീയപാതയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി മൂന്നേമുക്കാല്‍ കോടി രൂപ കൊള്ളയടിച്ച കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. കോഴിക്കോട്, കട്ടിപ്പാറ, പൂവന്‍മലയിലെ കെ വി അഖിലി(34)നെയാണ് വയനാട് ക്രൈംബ്രാഞ്ച് ഡിവൈ എസ് പി സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.
2024 ജൂലായ് 26നാണ് കേസിനാസ്പദമായ സംഭവം. തലശേരിയില്‍ താമസിച്ച് സ്വര്‍ണ്ണവ്യാപാരം നടത്തിവന്നിരുന്ന മൗറൂപ്പി പാണ്ഡുരംഗയാണ് കൊള്ളയ്ക്ക് ഇരയായത്. പഴയ സ്വര്‍ണ്ണം വാങ്ങി മഹാരാഷ്ട്രയില്‍ എത്തിച്ച് വില്‍പ്പന നടത്തി കാറില്‍ മടങ്ങുന്നതിനിടയിലാണ് പാണ്ഡുരംഗയും സഹായിയും അക്രമത്തിനു ഇരയായത്. അഖില്‍ നല്‍കിയ നിര്‍ദ്ദേശപ്രകാരം കാസര്‍കോട് മുതല്‍ പാണ്ഡുരംഗയുടെ കാറിനെ മറ്റൊരു കാറില്‍ സംഘം പിന്തുടര്‍ന്നിരുന്നു. കൂത്തുപറമ്പ്, നീര്‍വേലിയിലെ നിര്‍മ്മലഗിരി കോളേജിനു സമീപത്ത് എത്തിയപ്പോള്‍ റോഡിനു കുറുകെ ലോറിയും കാറും നിര്‍ത്തിയിട്ടാണ് പാണ്ഡുരംഗയുടെ കാറിനെ തടഞ്ഞു നിര്‍ത്തിയത്. തുടര്‍ന്ന് പാണ്ഡുരംഗയെയും സഹായിയെയും അക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ശേഷം പണം തട്ടിയെടുത്ത് രക്ഷപ്പെട്ടുവെന്നാണ് കേസ്. ആദ്യം കൂത്തുപറമ്പ് പൊലീസ് അന്വേഷിച്ച കേസ് പിന്നീടാണ് ക്രൈംബ്രാഞ്ചിനു കൈമാറിയത്. 27 പ്രതികളാണുള്ളത്. ഇവരില്‍ ഏഴുപേര്‍ ഇപ്പോഴും ഒളിവിലാണ്.
