കാസര്‍കോട്: പെരിയ, കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന രണ്ടു പ്രതികള്‍ക്കു കൂടി ഒരു മാസത്തേയ്ക്ക് പരോള്‍ അനുവദിച്ചു. ഒന്നാം പ്രതി എ പീതാംബരന്‍, ഏഴാം പ്രതി എ. അശ്വിന്‍ എന്ന അപ്പു എന്നിവര്‍ക്കാണ് പരോള്‍ അനുവദിച്ചത്. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന വ്യവസ്ഥയോടെയാണ് പരോള്‍.
പീതാംബരന്‍ രാവണീശ്വരത്തും അശ്വിന്‍ ബേഡകത്തും ഉള്ള ബന്ധു വീടുകളിലാണ് കഴിയുന്നത്. കേസിലെ രണ്ടാം പ്രതിയായ സജി സി. ജോര്‍ജ്ജിന് കഴിഞ്ഞ ദിവസം പരോള്‍ അനുവദിച്ചിരുന്നു. ഇയാള്‍ കണ്ണൂര്‍ ജില്ലയിലെ ബന്ധുവീട്ടിലാണ് കഴിയുന്നത്. 2019 ഫെബ്രുവരി 17ന് രാത്രിയിലാണ് ഇരട്ടക്കൊലപാതകം നടന്നത്.
പ്രതികള്‍ക്ക് കൂട്ടത്തോടെ പരോള്‍ അനുവദിച്ചതിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തിറങ്ങിയതിനു പിന്നാലെയാണ് ഒന്നാം പ്രതി ഉള്‍പ്പെടെയുള്ള മൂന്നു പേര്‍ക്ക് കൂടി പരോള്‍ അനുവദിച്ചത്. അഞ്ചാം പ്രതി ഗിജിന്‍ ഗംഗാധരന്‍, 15-ാം പ്രതി വിഷ്ണുസുര എന്നിവരുടെ പരോള്‍ അപേക്ഷ പരിഗണനയിലാണ്.
അതിനിടയില്‍ അഞ്ചാം പ്രതിയായ ഗിജിന്‍ ഗംഗാധരന്റെ പിതാവും സി പി എം പ്രവര്‍ത്തകനുമായ കല്യോട്ടെ എ ഗംഗാധരന്‍ നായര്‍ (60)ക്കു നേരെ ഉണ്ടായ കയ്യേറ്റ സംഭവത്തില്‍ ബേക്കല്‍ പൊലീസ് കേസെടുത്തു. തിങ്കളാഴ്ച വൈകുന്നേരം ആറുമണിയോടെ ഏച്ചിലടുക്കം, കൈക്കോട്ടുകുണ്ട് വാട്ടര്‍ ടാങ്കിനു സമീപത്തെ തട്ടുകടയ്ക്കു മുന്നിലാണ് സംഭവം. മദ്യ ലഹരിയിലായിരുന്ന മൂര്യാനത്തെ പത്മകുമാറിനെതിരെയാണ് കേസ്. ഗംഗാധരനെ തടഞ്ഞു നിര്‍ത്തി ചീത്തവിളിക്കുകയും കൈകൊണ്ട് പരിക്കേല്‍പ്പിച്ചുവെന്നുമാണ് കേസ്.
