കാസര്‍കോട്: മംഗളൂരുവിലെ കോളേജിലേക്ക് ട്രെയിനില്‍ പോവുകയായിരുന്ന കോളേജ് വിദ്യാര്‍ഥിയുടെ ലാപ്‌ടോപ്പും പെന്‍ഡ്രൈവുകളും മോഷ്ടിച്ച പ്രതിയെ റെയില്‍വേ പൊലീസ് പിടികൂടി. കുന്നംകുളം അഞ്ഞൂര്‍കുന്ന് സ്വദേശി സഭീഷ്(42) ആണ് പിടിയിലായത്. ഈമാസം 22 നാണ് തലശേരി തിരുവങ്ങാട് സ്വദേശിയും മംഗളൂരുവിലെ സ്വകാര്യ കോളേജ് വിദ്യര്‍ഥിയുമായ തരുണ്‍ മംഗലാട്ടി(18)ന്റെ ലാപ് ടോപ്പ് അടക്കമുള്ള സാധനങ്ങള്‍ മോഷണം പോയത്. തലശേരിയില്‍ നിന്ന് മംഗളൂരുവിലേക്ക് വൈകീട്ടുള്ള എഗ്മോര്‍ ട്രെയിനില്‍ സഞ്ചരിക്കുമ്പോഴാണ് സംഭവം. ആറരയോടെ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ് 35,000 രൂപ വിലവരുന്ന ലാപ്‌ടോപ്പ്, പെന്‍ഡ്രൈവുകള്‍, ഡ്രസ് അടങ്ങിയ ബാഗ്, കോളേജ് ഐഡി കാര്‍ഡ് എന്നിവ മോഷണം പോയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബാഗ് ജനറല്‍കോച്ചില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് വിദ്യാര്‍ഥി മെയില്‍ വഴി കാസര്‍കോട് റെയില്‍വേ പൊലീസിന് പരാതി നല്‍കി. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി വരുന്നതിനിടെ ശനിയാഴ്ച ഉച്ചയോടെ മംഗളൂരുവില്‍ വച്ച് പ്രതിയെ പിടികൂടി. എസ്‌ഐമാരായ എംവി പ്രകാശന്‍, സനില്‍കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സുധീഷ്, ഇന്റലിജന്‍സ് ഓഫീസര്‍ ജ്യോതിഷ് ജോസ്, ആര്‍പിഎഫ് ഉദ്യോഗസ്ഥരായ അജീഷ്, ബൈജു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
