കാസര്‍കോട്: ചെങ്കള, നാലാംമൈലില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ പൊലീസുകാരന്‍ മരണപ്പെട്ടത് മയക്കുമരുന്നു കേസില്‍ രക്ഷപ്പെട്ട പ്രതിയായ ഡോക്ടറെ അന്വേഷിച്ചു പോകുന്നതിനിടയില്‍. അപകട മരണം പൊലീസ് സേനയെയും നാട്ടുകാരെയും കുടുംബത്തെയും തീരാദുഃഖത്തിലാഴ്ത്തി.
ബേക്കല്‍ ഡിവൈ.എസ്.പിയുടെ കീഴിലുള്ള ഡാന്‍സാഫ് സ്‌ക്വാഡ് അംഗമായ ചെറുവത്തൂര്‍ മയ്യിച്ച സ്വദേശി കെ.കെ സജീഷ് (40) ആണ് മരിച്ചത്. ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ ഓടിച്ചിരുന്ന സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സുഭാഷ് ചന്ദ്രനും അപകടത്തില്‍ പരിക്കേറ്റു.
വെള്ളിയാഴ്ച പുലര്‍ച്ചെ 2.45 മണിക്ക് നാലാംമൈലില്‍ വച്ച് പൊലീസുകാര്‍ സഞ്ചരിച്ചിരുന്ന കാറില്‍ ടിപ്പര്‍ ലോറിയിടിച്ചാണ് അപകടം. ഇരുവരെയും ഉടന്‍ ഇ.കെ നയനാര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും സജീഷിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ശനിയാഴ്ച ജില്ലാ പൊലീസ് ആസ്ഥാനത്ത് പൊതുദര്‍ശനത്തിനു വച്ച ശേഷം നാട്ടിലേക്ക് കൊണ്ടു പോയി സംസ്‌കരിക്കും.
പരേതയായ ജാനകിയാണ് മാതാവ്. ഭാര്യ: ഷൈനി. മക്കള്‍: ദിയ (ആറാംക്ലാസ് വിദ്യാര്‍ത്ഥിനി), ദേവനന്ദന്‍ (എല്‍കെജി). സഹോദരങ്ങള്‍: ജയേഷ്, പ്രിയേഷ് (ഇരുവരും മലേഷ്യ).
വ്യാഴാഴ്ച വൈകുന്നേരം നാലരമണിയോടെ കാറില്‍ കടത്തുകയായിരുന്ന 3.28 ഗ്രാം എംഡിഎംഎയും 10.65 ഗ്രാം കഞ്ചാവും മേല്‍പ്പറമ്പ് പൊലീസ് പിടികൂടിയിരുന്നു. കേസിലെ ഒന്നാം പ്രതിയായ ചട്ടഞ്ചാല്‍ നിസാമുദ്ദീന്‍ നഗര്‍, കൊറക്കുന്ന് മൊട്ടയിലെ ബി.എം അഹമ്മദ് കബീറി (36)നെ സ്ഥലത്തു വച്ചു തന്നെ അറസ്റ്റു ചെയ്തിരുന്നു. രണ്ടാം പ്രതിയും കണ്ണൂര്‍ സ്വദേശിയുമായ ഡോ. മുഹമ്മദ് സുനീര്‍ പൊലീസിന്റെ പിടിയില്‍ നിന്നു രക്ഷപ്പെട്ടിരുന്നു. മയക്കുമരുന്നു പിടികൂടിയ സംഘത്തില്‍ സജീഷും ഉണ്ടായിരുന്നു. രക്ഷപ്പെട്ട ഡോ മുഹമ്മദ് സുനീര്‍ കാസര്‍കോട് ഭാഗത്തുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്നാണ് സജീഷും സുഭാഷ് ചന്ദ്രനും കാറില്‍ ചെങ്കളയില്‍ എത്തിയത്. ഈ സമയത്തായിരുന്നു ടിപ്പര്‍ ലോറി ഇടിച്ച് അപകടമുണ്ടായതെന്നു പൊലീസ് പറഞ്ഞു.