ന്യൂഡൽഹി: നാളെ മുതൽ പ്രാബല്യത്തിൽ വരുന്ന ജിഎസ്‌ടി പരിഷ്കരണം രാജ്യത്തെ പാവപ്പെട്ടവർക്കും മധ്യവർഗത്തിനും കർഷകർക്കും വ്യാപാരികൾക്കും സംരംഭകർക്കും ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. രാജ്യത്തെ ജനങ്ങൾക്ക് നവരാത്രി ആശംസകൾ നേർന്ന് ആരംഭിച്ച പ്രസംഗത്തിൽ ജിഎസ്ടി സേവിങ്സ് ഉത്സവത്തിന് തുടക്കമായെന്നും അദ്ദേഹം പറഞ്ഞു. നവരാത്രിയുടെ ആദ്യദിനം തന്നെ പുതിയ ജിഎസ്ടി പ്രാബല്യത്തിലാകും. പുതിയ ജിഎസ്ടി ഘടന നടപ്പാക്കുമ്പോൾ എല്ലാവർക്കും ഗുണമുണ്ടാകും. നാളെ മുതൽ സാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ സാധിക്കും. സാധാരണക്കാർക്ക് വലിയ ആശ്വാസമാകും ഈ മാറ്റമെന്ന് നരേന്ദ്ര മോദി പറഞ്ഞു. നികുതി ഭാരത്തിൽ നിന്ന് ജനങ്ങൾക്ക് മോചനം ഉണ്ടാകും. ആത്മനിർഭർ ഭാരതത്തിലേക്കുള്ള ഒരു ചുവടുവെപ്പു കൂടിയാണ് ജിഎസ്ടി പരിഷ്കാരം. രാജ്യത്തിന് ആവശ്യമായത് രാജ്യത്തിന് തന്നെ നിർമിക്കാൻ സാധിക്കണം. ‘പല തരം നികുതികൾ സാധാരണക്കാരെ ബുദ്ധിമുട്ടിക്കുകയാണ്. നികുതി ഘടന ലഘൂകരിക്കുക എന്നതാണ് ലക്ഷ്യം. ജനങ്ങളുടെ ആവശ്യം തിരിച്ചറിഞ്ഞാണ് സർക്കാർ ഇത്തരമൊരു തീരുമാനമടുത്തത്. ഒരു രാജ്യം, ഒരു നികുതിയെന്ന സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടുകയാണ്. ഈ പരിഷ്ക്കാരത്തിലൂടെ എല്ലാ വിഭാഗം ജനങ്ങളുടെയും ആശങ്കകളെ അഭിസംബോധന ചെയ്യുന്നു. നിത്യോപയോഗ സാധനങ്ങളുടെ വില കുറയും. 99 ശതമാനം സാധനങ്ങളും 5% എന്ന നികുതിയിലെത്തും. എല്ലാ സംസ്ഥാനങ്ങളുമായും ചർച്ച നടത്തിയാണ് ഈ തീരുമാനമെടുത്തത്. നാളെ മുതൽ 5%, 18% നികുതി സ്ലാബുകൾ മാത്രമാണ് ഉണ്ടാവുക’- പ്രധാനമന്ത്രി പറഞ്ഞു. ഐ-ടി ഇളവ് പരിധി ഉയർത്തൽ, ജിഎസ്ടി പരിഷ്കാരങ്ങൾ എന്നിവയിലൂടെ ജനങ്ങൾക്ക് 2.5 ലക്ഷം കോടി രൂപ ലാഭിക്കാനാകുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. പതിറ്റാണ്ടുകളായി, നമ്മുടെ രാജ്യത്തെ ജനങ്ങളും നമ്മുടെ രാജ്യത്തെ വ്യാപാരികളും വിവിധ നികുതികളുടെ വലയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. നിത്യോപയോഗ സാധനങ്ങളുടെ വിലക്കുറവ് സംബന്ധിച്ച് ഇന്ന് പത്രങ്ങളിൽ വൻകിട കമ്പനികൾ പരസ്യം നൽകിയിട്ടുണ്ട്. വാഹനങ്ങൾ മുതൽ ചോക്ലേറ്റ് നിർമ്മാതാക്കൾ വരെ പുതിയ വിലവിവരത്തെ സംബന്ധിച്ച് പരസ്യങ്ങൾ നൽകിയിട്ടുണ്ട്. എന്നാൽ പുതിയ സ്റ്റോക്കുകൾ എത്തിയാൽ മാത്രമേ ചെറുകിട വ്യാപാര രംഗത്ത് വിലക്കുറവ് പ്രതിഫലിക്കൂ.
