കുമ്പള: ടോള്‍ബൂത്ത് പ്രശ്നം തീരുമാനമാകാതെ നീണ്ടുപോവുകയും കുമ്പളയില്‍ ടോള്‍ ബൂത്ത് നിര്‍മ്മാണം തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ സ്പ്തംബര്‍ 14 മുതല്‍ ടോള്‍ ബൂത്തിനടുത്ത് അനിശ്ചിതകാല സമരത്തിന് ആക്ഷന്‍ കമ്മിറ്റി തീരുമാനിച്ചു. ചൊവ്വാഴ്ച രാത്രി കുമ്പളയില്‍ ചേര്‍ന്ന ആക്ഷന്‍ കമ്മിറ്റി യോഗമാണ് തീരുമാനമെടുത്തത്. എ കെ എം അഷ്റഫ് എം എല്‍ എ ആധ്യക്ഷ്യം വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് യു പി താഹിറ, ലീഗ് കാസര്‍കോട് മണ്ഡലം പ്രസിഡന്റ് മാഹിന്‍ കേളോട്ട്, സി പി എം ഏരിയ സെക്രട്ടറി സി എ സുബൈര്‍, മുസ്ലീംലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്
ബി എന്‍ മുഹമ്മദലി, അഷ്റഫ് കാര്‍ള, ലക്ഷ്മണപ്രഭു, മനോജ്, എ കെ ആരിഫ്, പൃഥ്വിരാജ്, കെ ബി യൂസഫ്, കെ വി യൂസഫ് തുടങ്ങി വിവിധ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.
അതേസമയം ടോള്‍ ബൂത്ത് സംബന്ധിച്ച് കര്‍മ്മസമിതി ഹൈക്കോതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വിധി പറയുന്നത് തിങ്കളാഴ്ചത്തേയ്ക്ക്മാറ്റി വച്ചു. തലപ്പാടിയിലെ ടോള്‍ബൂത്ത് കഴിഞ്ഞ് 60 കിലോമീറ്റര്‍ ദൂരത്തിലായിരിക്കണം അടുത്ത ടോള്‍ ബൂത്ത് എന്നാണ് സമരസമിതി ആവശ്യം. ഇതു സംബന്ധിച്ചു ദേശീയപാത അതോറിറ്റിയോടും പരാതിക്കാരോടും ഹൈക്കോടതി കൂടുതല്‍ വിശദീകരണങ്ങള്‍ തേടിയിട്ടുണ്ട്.
