കാസര്‍കോട്: കുമ്പള ആരിക്കാടിയില്‍ ദേശീയപാതാ വിഭാഗം നിര്‍മ്മിക്കുന്ന ടോള്‍ബൂത്തിനെതിരെ ആക്ഷന്‍ കമ്മിറ്റിയുടെ ബഹുജനമാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. എകെഎം അഷ്‌റഫിന്റെ നേതൃത്വത്തിലാണ് മാര്‍ച്ച് നടന്നത്. കുമ്പള ടൗണില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം ടോള്‍ഗേറ്റ് പരിസരത്ത് തടഞ്ഞതോടെ സമരക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ബഹുജനമാര്‍ച്ചില്‍ ആയിരങ്ങള്‍ പങ്കെടുത്തു. ദേശീയ ഉപരോധിച്ചതോടെ ഗതാഗതം തടസപ്പെട്ടു. ടോള്‍ ഗേറ്റ് നിര്‍മാണം നിര്‍ത്തിവെക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് ആക്ഷന്‍ കമ്മിറ്റി നേതാക്കള്‍ പറഞ്ഞു.

ടോള്‍ ഗേറ്റ് സംബന്ധിച്ച് ഹൈക്കോടതിയില്‍ നിന്ന് അന്തിമ വിധി വരുന്നതുവരെ നിര്‍മാണ പ്രവൃത്തി തുടങ്ങില്ല എന്നായിരുന്നു കമ്പനി അറിയിച്ചത്. എന്നാല്‍ ആക്ഷന്‍ കമ്മിറ്റിയുടെ അപ്പീല്‍ പരിഗണിക്കാനിരിക്കെ
നിര്‍മാണ പ്രവൃത്തിയുമായി കരാറു കമ്പനി മുന്നോട്ടുപോവുകയായിരുന്നു. 1964 ലെ നാഷണല്‍ ഹൈവേ നിയമപ്രകാരം ഒരു ടോള്‍ പ്ലാസയ്ക്കുശേഷം 60 കിലോമീറ്റര്‍ കഴിഞ്ഞേ മറ്റൊന്നു പാടുള്ളൂവെന്ന ദേശീയപാത ചട്ടത്തിലെ വ്യവസ്ഥ ലംഘിച്ചതായി ആക്ഷന്‍ കമ്മിറ്റി ആരോപിക്കുന്നു. തലപ്പാടിയില്‍ നിന്ന് 20 കിലോമീറ്റര്‍ ദൂരമാണ് ആരിക്കാടിയിലേക്കുള്ളത്. അതേസമയം ആക്ഷന്‍ കമ്മിറ്റി ഡിവിഷന്‍ ബെഞ്ചില്‍ സമര്‍പ്പിച്ച ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കും.
