കാസർകോട്: പെരിയ ആയംകടവ് പാലത്തിൽ നിന്ന് പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം മൂന്നാം ദിവസം കണ്ടെത്തി. കോടോം തടിയൻ വളപ്പിലെ കഴുങ്ങിനടി ബാലകൃഷ്ണൻ്റെ മകൻ ബി.സജിത്ത് ലാലി(25)ന്റെ മൃതദേഹമാണ് തിങ്കളാഴ്ച വൈകിട്ട് പനയാൽ ബങ്ങാട് കായക്കുന്ന് പുഴയിൽ അടുക്കം ഭാഗത്ത് നാട്ടുകാർ കണ്ടെത്തിയത്. കാണാതായ സ്ഥലത്ത് നിന്നും ഒന്നര കിലോമീറ്റർ ദൂരെ മരത്തിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ അന്വേഷിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. തിരുവോണ ദിവസമാണ് യുവാവ് പുഴയിൽ ചാടിയത്. ആയംകടവ് പാലത്തിന് മുകളിൽ ഇരുചക്ര വാഹനവും പാലത്തിന് താഴെപുഴയിൽ നിന്നു ഹെൽമററും കണ്ടെത്തിയിരുന്നു. ഇതോടെ പുഴയിൽ യുവാവ് ചാടിയതായി സംശയം ഉണ്ടായി. തുടർന്ന് ഫയർഫോഴ്‌സും നാട്ടുകാരും പുഴയിൽ തിരച്ചിൽ നടത്തിയിരുന്നു. മകനെ കാണാതായതിനെ തുടർന്ന് പിതാവ് രാജപുരം പൊലീസിൽ പരാതി നൽകുകയും കേസെടുക്കുകയും ചെയ്‌തിരുന്നു.
