മംഗ്ളൂരു: ധര്‍മ്മസ്ഥല കേസ് അന്വേഷണം നിര്‍ണ്ണായക വഴിത്തിരിവിലേയ്ക്ക്. നേരത്തെ കൊല്ലപ്പെട്ട സൗജന്യയുടെ മാതൃസഹോദരന്‍ വിട്ടല്‍ ഗൗഡയെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതോടെയാണിത്. ചോദ്യം ചെയ്യല്‍ തുടരുകയാണെന്നു റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കാട്ടില്‍ നിന്നു ആദ്യം തലയോട്ടി കൊണ്ടുവന്നത് താനാണെന്നു വിട്ടല്‍ ഗൗഡ പൊലീസിനു മൊഴി നല്‍കി.
മൊഴിയുടെ അടിസ്ഥാനത്തില്‍ വിട്ടല്‍ ഗൗഡയെയും കൂട്ടി അന്വേഷണ സംഘം സ്നാനഘട്ടം സന്ദര്‍ശിച്ച് മഹസര്‍ തയ്യാറാക്കി. നേത്രാവതി കുളിക്കടവിനു സമീപത്തെ ബംഗ്ലാഗുഡ്ഡെ വനത്തില്‍ നിന്നു കൊണ്ടുവന്ന തലയോട്ടിയാണ് ചിന്നയ്യ ഗൗഡയ്ക്കു കൈമാറിയതെന്നാണ് വിട്ടല്‍ ഗൗഡ പൊലീസിനോട് വെളിപ്പെടുത്തിയത്.
