കാസര്‍കോട്: കുമ്പള ആരിക്കാടിയില്‍ ദേശീയപാത അതോറിറ്റിയുടെ ടോള്‍ ബൂത്ത് നിര്‍മാണത്തിനെതിരെ എംഎല്‍എയുടെ നേതൃത്വത്തിലുള്ള കുമ്പള ടോള്‍ പ്ലാസ വിരുദ്ധ ആക്ഷന്‍ കമ്മിറ്റിയുടെ ബഹുജനമാര്‍ച്ച് തിങ്കളാഴ്ച നടക്കും. രാവിലെ 11ന് കുമ്പള ടൗണില്‍ നിന്ന് പ്രകടനത്തോടെയാണ് മാര്‍ച്ച് ആരംഭിക്കുക. മാനദണ്ഡം പാലിക്കാതെയാണ് ആരിക്കാടിയില്‍ ടോള്‍ പ്ലാസ നിര്‍മിക്കുന്നതെന്ന് ആക്ഷന്‍ കമ്മിറ്റി ആരോപിച്ചു. അതിനിടെ നിര്‍മാണത്തിരെ എസ്ഡിപിഐ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തിങ്കളാഴ്ച പരിഗണിക്കും. ആക്ഷന്‍ കമ്മിറ്റിയും സിപിഎമ്മും നല്‍കിയ ഹര്‍ജി 9ന് പരിഗണിക്കും. അതേസമയം ടോള്‍ പ്ലാസയുടെ നിര്‍മാണം ത്വരിത ഗതിയില്‍ നടക്കുകയാണ്. നിലവില്‍ 20 കിലോമീറ്റര്‍ മാത്രം ദൂരെ തലപ്പാടിയില്‍ മറ്റൊരു ടോള്‍ പിരിവ് കേന്ദ്രം പ്രവര്‍ത്തിക്കുമ്പോള്‍ കുമ്പളയില്‍ സ്ഥാപിക്കുന്നത് നിയമ വിരുദ്ധമായാണെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറയുന്നു. 1964ലെ നാഷനല്‍ ഹൈവേ നിയമപ്രകാരം ഒരു ടോള്‍ പ്ലാസയ്ക്കുശേഷം 60 കിലോമീറ്റര്‍ കഴിഞ്ഞേ മറ്റൊന്നു പാടുള്ളൂവെന്ന ദേശീയപാത ചട്ടത്തിലെ വ്യവസ്ഥ ലംഘിച്ചതായി ഹര്‍ജിയില്‍ അറിയിച്ചിരുന്നു. എന്നാല്‍ ആവശ്യമായ അനുമതിയും അംഗീകാരവും ലഭിച്ചതിനാല്‍ കുമ്പള ആരിക്കാടിയില്‍ ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയുടെ ടോള്‍
പ്ലാസ സ്ഥാപിക്കുന്നതില്‍ നിയമലംഘനമില്ലെന്നു ഹൈക്കോടതി അറിയിച്ചിരുന്നു.
