കാസർകോട്: അമ്പലത്തറയിൽ ആസിഡ് കുടിച്ചു കുടുംബം ആത്മഹത്യ ചെയ്ത സംഭവത്തിൽ, ചികിത്സയിലായിരുന്ന നാലാമത്തെയാളും മരിച്ചു. പറക്കളായിയിലെ ഗോപിയുടെ മകൻ രാകേഷ്(27) ആണ് മരിച്ചത്. പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. യുവാവിന്റെ മാതാപിതാക്കളും സഹോദരനും കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ ആത്മഹത്യ ചെയ്തിരുന്നു. കർഷകനായ ഗോപി(58), ഭാര്യ ഇന്ദിര(54), മകൻ രഞ്ജേഷ്(34) എന്നിവരെയാണ് ആസിഡ് കഴിച്ചു മരിച്ച നിലയിൽ വീടിനകത്ത് കണ്ടെത്തിയത്. പുലർച്ചെ മൂന്നിന് ഗോപിയുടെ സഹോദരന്റെ ഭാര്യയ്ക്ക് വന്ന ഫോൺ കോളിലാണ് വിവരമറിയുന്നത്. തുടർന്ന് ബന്ധുക്കളും നാട്ടുകാരും വീട്ടിലെത്തിയപ്പോൾ മൂന്നുപേരും മരിച്ചുകിടക്കുന്നതാണ് കണ്ടത്. ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ രാകേഷിനെ ആശുപത്രിയിൽ കൊണ്ടുപോവുകയായിരുന്നു. രഞ്ജേഷും രാകേഷും നേരത്തെ ദുബായിലായിരുന്നു. രണ്ടുവർഷം മുൻപ് ഇരുവരും നാട്ടിലേക്ക് തിരിച്ചെത്തി ബിസിനസ് ആരംഭിച്ചത്. പലചരക്ക് സാധനങ്ങളുൾപ്പെടെ വീടുകളിലെത്തിച്ചു നൽകുന്നതായിരുന്നു ബിസിനസ്. അതേസമയം സാമ്പത്തിക പ്രശ്‌നങ്ങളാണ് കൂട്ടആത്മഹത്യക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
