കാസര്‍കോട്: ഓണപ്പാച്ചിലിനിടയില്‍ കുണ്ടംകുഴിയില്‍ അതിമനോഹരമായ 200 രൂപയുടെ കള്ളനോട്ടുകള്‍ പ്രചരിക്കുന്നതായി ആശങ്ക ഉയര്‍ന്നു. കഴിഞ്ഞ ദിവസം കുണ്ടംകുഴിയിലെ ഒരു വ്യാപാരിക്ക് ലഭിച്ച നോട്ടിലാണ് 200 രൂപയുടെ വ്യാജനോട്ട് കണ്ടെത്തിയത്. വ്യാപാരി ഉടന്‍തന്നെ നോട്ടിന്റെ ഫോട്ടോയെടുത്ത് വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ വോയിസ് മെസേജ് അടക്കം പോസ്റ്റുചെയ്തു. തനിക്ക് പറ്റിയ അബദ്ധം മറ്റാര്‍ക്കും പറ്റരുതെന്നും 200 രൂപനോട്ടുകള്‍ കൈമാറുമ്പോള്‍ നോട്ടില്‍ എഴുതിയിട്ടുള്ള വിവരങ്ങള്‍ സൂക്ഷിച്ച് മനസിലാക്കിയ ശേഷം മാത്രമേ ഇടപാട് നടത്താവൂ എന്നും വോയിസ് മെസേജില്‍ മുന്നറിയിച്ചിട്ടുണ്ട്. നോട്ടു കാണുമ്പോള്‍ ഒറ്റനോട്ടത്തില്‍ അതിലാര്‍ക്കും പെട്ടെന്ന് അബദ്ധം ശ്രദ്ധയില്‍പെടാത്ത തരത്തില്‍ ഒരച്ചില്‍ എടുത്ത പോലെയുണ്ട്. എന്നാല്‍ സൂക്ഷിച്ചുനോക്കിയാല്‍ യഥാര്‍ഥ നോട്ടിന്റെ മുകളില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എന്ന് ഇംഗ്ലീഷില്‍ പ്രിന്റ് ചെയ്തിട്ടുള്ള സ്ഥലത്ത് അതേഅക്ഷരങ്ങളുടെ വലിപ്പത്തിലും രൂപത്തിലും മനോരഞ്ജന്‍ ബാങ്ക് ഓഫ് ഇന്ത്യ ഗ്യാരന്റീഡ് ബൈ ചില്‍ഡ്രണ്‍ ബാങ്ക് എന്നും നോട്ടിന്റെ താഴെ ഫുള്‍ഓഫ് ഫണ്‍ എന്നും ഇടതുസൈഡിലും ഫുള്‍ ഓഫ് ഫണ്‍ എന്നും അച്ചടിച്ചിട്ടുണ്ട്. നോട്ട് കയ്യില്‍ കിട്ടുന്നവര്‍ ഒന്നു ശ്രദ്ധിച്ചുനോക്കിയാല്‍ വ്യാജമാണെന്ന് പെട്ടെന്ന് വ്യക്തമാവും. അല്ലാത്തപക്ഷം വഞ്ചിക്കപ്പെടാന്‍ സാധ്യത കൂടുതലാണ്. നോട്ട് പ്രചരിക്കുന്ന വിവരം പൊലീസിന്റെ ശ്രദ്ധയിലും പെട്ടിട്ടുണ്ട്.
