കാസർകോട്: ഭീമനടിയിൽ കോഴിഫാമിലെ 500ൽപരം ഇറച്ചിക്കോഴികളെ തെരുവുനായക്കൂട്ടം കടിച്ചുകൊന്നു. മാങ്ങോട് മേമറ്റത്തിൽ ജോണിയുടെ ഫാമിലെ കോഴികളെയാണ് നായ്കൂട്ടം കൊന്നൊടുക്കിയത്. ഫാമിനു ചുറ്റുമുള്ള കമ്പി വല തകർത്താണ് പട്ടികൾ അകത്ത് കയറിയത്. ഓണവിപണിക്കായി തയാറായ കോഴികളെയാണ് തെരുവുനായക്കൂട്ടം കടിച്ചുകൊന്നത്. നാലു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ചൊവ്വാഴ്ച രാത്രി കോഴികൾക്ക് തീറ്റയും വെള്ളവും നൽകിയശേഷം ജോണിയും കുടുംബവും ഒരു യാത്ര പോയിരുന്നു. ബുധനാഴ്ച രാവിലെ തിരിച്ചെത്തിയപ്പോഴാണ് ദാരുണമായ കാഴ്ച കണ്ടത്. കഴിഞ്ഞ 22 വർഷത്തോളമായി ജോണി കോഴി ഫാം നടത്തി വരികയായിരുന്നു. ഇതിനുമുമ്പും ഈ ഫാമിൽ തെരുവുനായ ആക്രമണം ഉണ്ടായിട്ടുണ്ട്. 2018ൽ ഇതേ ഫാമിൽ തെരുവ് നായ്ക്കൾ കയറി 800 കോഴികളെ കടിച്ചു കൊന്നിരുന്നു. പ്രദേശത്ത് തെരുവുനായശല്യം രൂക്ഷമാണ്. ഇതിന് അറുതിവരുത്താൻ അധികൃതരുടെ ഭാഗത്തു നിന്നും ശക്തമായ നടപടിയുണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
