കാസർകോട്: ജനറൽ ആശുപത്രിയിലെ രോഗികൾക്ക് ദിവസവും സൗജന്യമായി ഉച്ചഭക്ഷണം നൽകുന്നയാൾക്കെതിരെയുള്ള പരാതിയിൽ നിയമലംഘനമുണ്ടെങ്കിൽ നിയമാനുസൃതം നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ടൗൺ എസ്.എച്ച്.ഒ. ക്ക് നിർദ്ദേശം നൽകി. പരാതിയിൽ മനുഷ്യാവകാശ ലംഘനങ്ങളൊന്നും കമ്മീഷന് ബോധ്യമായിട്ടില്ലെന്നും ഉത്തരവിലുണ്ട്. സൗജന്യ ഭക്ഷണത്തിന്റെ പേരിൽ ജനങ്ങളിൽ നിന്നും പതിനായിരകണക്കിന് രൂപ പിരിച്ചെടുക്കുന്നുവെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.കാസർകോട് ജനറൽ ആശുപത്രി സൂപ്രണ്ടിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് തേടിയിരുന്നു. രോഗികൾക്കും കുട്ടിരിപ്പുകാർക്കും സൗജന്യഭക്ഷണം നൽകുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. 2008 ഏപ്രിൽ 8 ന് ആശുപത്രി സൂപ്രണ്ട് തലശേരിയിൽ പ്രവർത്തിക്കുന്ന ദൈവപരിപാലന ട്രസ്റ്റിനോട് ഉച്ചഭക്ഷണം സൗജന്യമായി നൽകാൻ അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് ഉത്തരവിൽ പറഞ്ഞു. ട്രസ്റ്റിന്റെ സന്നദ്ധപ്രവർത്തകനാണ്ഭക്ഷണം കാന്റീൻ മുഖേന നൽകുന്നതെന്നും ഇതുവരെ രോഗികളുടെ ഭാഗത്ത് നിന്നും പരാതികൾ ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.ഒരു ഊണിന് 30 രൂപ നിരക്കിൽ മൊത്തം രോഗികൾക്കുള്ള തുക കാന്റീനിൽ ഏൽപ്പിക്കുകയാണ് ചെയ്യുന്നതെന്ന് ട്രസ്റ്റ് അറിയിച്ചിട്ടുണ്ട്. ഇതിന്റെ കണക്കുകൾ ലഭിക്കുന്നുണ്ടെന്നും ഭാരവാഹി അറിയിച്ചു. ഈ തുക സംഭാവനയായി ദൈവപരിപാലന ട്രസ്റ്റിന്റെ പേരിൽ വാങ്ങുകയാണെന്നും ഭാരവാഹി അറിയിച്ചിട്ടുള്ളതായി റിപ്പോർട്ട് പറയുന്നു. ഇതിന്റെ കണക്കുകൾ പരിശോധിക്കാൻ സൂപ്രണ്ടിന് അധികാരമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇതു സംബന്ധിച്ച് അന്വേഷണം വേണമെന്നാണ് കാസർകോട് ഹാഷിം സ്ട്രീറ്റ് സ്വദേശി അബ്ദുൾ സത്താറിന്റെ ആവശ്യം.
