കാസര്‍കോട്: മയക്കുമരുന്ന് കേസുകളില്‍ പ്രതിയായ മുളിയാര്‍ മാസ്തിക്കുണ്ട് സ്വദേശിയെ എന്‍ ഡി പി എസ് നിയമപ്രകാരം അറസ്റ്റ് ചെയ്തു. മുളിയാര്‍, മാസ്തിക്കുണ്ട് സ്വദേശി മുഹമ്മദ് സഹദി(26)നെയാണ് അറസ്റ്റു ചെയ്തത്. ഇയാളെ കരുതല്‍ തടങ്കലില്‍ അടച്ചു. ഈ ആക്ട് പ്രകാരം ജില്ലയില്‍ അറസ്റ്റിലാവുന്ന ആറാമത്തെയാളെയാണ് സഹദ്. വിദ്യാനഗര്‍, ആദൂര്‍ പൊലീസ് സ്റ്റേഷനുകളിലും എറണാകുളത്ത് എക്‌സൈസ് റേഞ്ച് ഓഫീസിലും മയക്കുമരുന്ന് കേസുകളില്‍ ഇയാള്‍ പ്രതിയാണ്. സംസ്ഥാന സര്‍ക്കാര്‍ ഒരു വര്‍ഷത്തേക്ക് തടവില്‍ പാര്‍പ്പിക്കാന്‍ ഉത്തരവിട്ട ഇയാളെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും. 99.54 ഗ്രാം എം ഡി എം എ വില്‍പനക്കായി കൈവശം വെച്ചതിനാണ് ആദൂര്‍ പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരോധിത ലഹരി ഉപയോഗിച്ചതിനും, എറണാകുളത്ത് 83.896 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലും ഇയാള്‍ പ്രതിയാണ്.
ജില്ലാ പൊലീസ് മേധാവി ബി വി വിജയ ഭരത് റെഡ്ഢിയുടെ നിര്‍ദ്ദേശപ്രകാരം ബേക്കല്‍ ഡിവൈ.എസ്പി മനോജ് വി.വി, ആദൂര്‍ ഇന്‍സ്പെക്ടര്‍ എ. അനില്‍ കുമാര്‍, സബ് ഇന്‍സ്പെക്ടര്‍ വിനോദ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.
