ചെറുവത്തൂര്‍: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും, ടൂറിസം വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല ഓണാഘോഷ പരിപാടികള്‍ പൂക്കള മല്‍സരത്തോടെ ചെറുവത്തൂരില്‍ തുടക്കമായി. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം മൂന്നിന് വൈകുന്നേരം 5ന് എം.രാജഗോപാലന്‍ എം.എല്‍.എ നിര്‍വഹിക്കും. സിനിമാ താരങ്ങളായ ഉണ്ണിരാജ് ചെറുവത്തൂരും പി.പി കുഞ്ഞികൃഷ്ണനും മുഖ്യാതിഥികളാകും. വിവിധ ജനപ്രതിനിധികള്‍ സംബന്ധിക്കും. ചൊവ്വാഴ്ച സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പെന്‍സില്‍ ഡ്രോയിങ്ങ് മത്സരങ്ങള്‍ നടക്കും. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കും. വൈകുന്നേരം നാല് മണിക്ക് ചെറുവത്തൂര്‍ പുതിയ പാര്‍ക്കിങ് ഗ്രൗണ്ടില്‍ പുരുഷ, വനിതാ കമ്പവലി മത്സരം നടക്കും. മൂന്നിന് വൈകുന്നേരം 4.30 ന് ചെറുവത്തൂര്‍ ടൗണില്‍ സാംസ്‌കാരിക ഘോഷയാത്ര സംഘടിപ്പിക്കും. തുടര്‍ന്ന് ഔദ്യോഗിക ഉദ്ഘാടനം നടക്കും. എല്ലാ ദിവസവും വൈകുന്നേരം അഞ്ച് മുതല്‍ കലാപരിപാടികള്‍ അരങ്ങേറും. ആറിന് പരവനടുക്കം ഓള്‍ഡ് ഏജ് ഹോമില്‍ സ്‌നേഹ സദ്യ സംഘടിപ്പിക്കും. ഭാരതനാട്യം, കുടുംബശ്രീയുടെ ഓണനിലാവ്, കണ്ണൂര്‍ ഷെറിഫും സംഘവും അവതരിപ്പിക്കുന്ന സംഗീത നിശ, കൈകൊട്ടിക്കളി, ഒപ്പന, ചാക്ക്യാര്‍ കൂത്ത്, ഗസല്‍ തേന്മഴ, ഉത്രാട സന്ധ്യ. പൂരക്കളി, യക്ഷഗാനം, ഉടുക്കുകൊട്ടിക്കളി, മോഹിനിയാട്ടം, ഫ്യൂഷന്‍ ഡാന്‍സ്, തോല്‍പ്പാവകൂത്ത്, കുരുക്ഷേത്ര ഡാന്‍സ് ഫിയസ്റ്റ, അലാമിക്കളി, ആട്ടവും പാട്ടും, സിനിമാറ്റിക് ഡാന്‍സ്, ഇല്ലം മ്യൂസിക് ബാന്റ് തുടങ്ങിയ വിവിധ ദിനങ്ങളില്‍ ആഘോഷത്തിന് കൊഴുപ്പേകും. വാര്‍ത്ത സമ്മേളനത്തില്‍ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ, പഞ്ചായത്ത് പ്രസിഡന്റ് സി.വി പ്രമീള, ഡി.ടി.പി.സി സെക്രട്ടറി ജെ.കെ ജിജേഷ് കുമാര്‍. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ ലക്ഷ്മി പങ്കെടുത്തു.
