കാസര്‍കോട്: അടുത്ത കേരളപ്പിറവി ദിനത്തില്‍ അതിദരിദ്രരില്ലാത്ത രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. കാസര്‍കോട് റവന്യൂ ഡിവിഷണല്‍ ഓഫീസ് കെട്ടിടവും ജില്ലാതല പട്ടയ മേളയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നിയമങ്ങളും ചട്ടങ്ങളും സാധാരണക്കാരന് സഹായകമാകുന്ന വിധത്തില്‍ ജീവനക്കാര്‍ കൈകാര്യം ചെയ്യണമെന്നും നിയമങ്ങളിലെ കുരുക്കുകള്‍ കാട്ടി ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും ജീവനക്കാരോട് അദ്ദേഹം നിര്‍ദേശിച്ചു.
സംസ്ഥാനത്തെ കുടിയാന്‍മാരുടെ പരാതികളും പ്രശ്നങ്ങളും പൂര്‍ണ്ണമായും തീര്‍ത്ത സംസ്ഥാനമായി കേരളം മാറുമെന്നു മന്ത്രി പറഞ്ഞു. യുണീക് തണ്ടര്‍പേര്‍ സംവിധാനം അവതരിപ്പിച്ചതോടെ വസ്തു വാങ്ങിക്കുന്ന ഉടമസ്ഥന്റെ ആധാറും തണ്ടപ്പേരും ലിങ്ക് ചെയ്യുകയാണ്. അതോടെ 15 ഏക്കറില്‍ അധികം ഭൂമി കൈവശമുള്ളവരെ എളുപ്പം കണ്ടെത്താന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
പട്ടയമേളയില്‍ 1503 പട്ടയങ്ങളില്‍ 154 പട്ടയങ്ങള്‍ 1970 മുതല്‍ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന കൊറഗ വിഭാഗം ജനങ്ങള്‍ക്കുള്ളതാണെന്നത് സന്തോഷകരമാണെന്നു മന്ത്രി തുടര്‍ന്നു പറഞ്ഞു. പട്ടയവിതരണം സമയബന്ധിതമായി പൂര്‍ത്തിയാക്കിയ ജില്ലാകളക്ടറെയും ജീവനക്കാരെയും മന്ത്രി അഭിനന്ദിച്ചു.
കേരളത്തിലെ പുഴ പുറമ്പോക്ക്, കടല്‍പുറമ്പോക്ക് ഭൂമികളും നിയമവിധേയമായി പതിച്ച് നല്‍കുമെന്നും കുഡ്ലു കടല്‍ പുറമ്പോക്ക്, ഹോസ്ദുര്‍ഗ്ഗ് താലൂക്കിലെ തുരുത്തി പുഴപ്പുറമ്പോക്ക് പ്രശ്ങ്ങള്‍ ഇത്തരത്തില്‍ തീര്‍പ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് ജില്ലയിലെ 85 വില്ലേജുകളില്‍ 47 വില്ലേജുകള്‍ ഇതിനോടകം സമാര്‍ട്ടായി കഴിഞ്ഞു. ആദ്യ ഘട്ടത്തില്‍ 17ഉം രണ്ടാം ഘട്ടത്തില്‍ 18ഉം മൂന്നാം ഘട്ടത്തില്‍ 13ഉം വില്ലേജുകള്‍ സ്മാര്‍ട്ടായി.
ചടങ്ങില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, എം.എല്‍.എമാരായ ഇ.ചന്ദ്രശേഖരന്‍, സി.എച്ച് കുഞ്ഞമ്പു, എ.കെ.എം അഷറഫ്, നഗരസഭ അധ്യക്ഷന്‍ അബ്ബാസ് ബീഗം, വിമല ശ്രീധരന്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ ടി.എം.എ കരീം, സി.പി. ബാബു, ഖാദര്‍ ബദരിയ, സജി സെബാസ്റ്റ്യന്‍ പ്രസംഗിച്ചു.
