കാസർകോട്: നീലേശ്വരം പുഴയ്ക്ക് കുറുകെയുള്ള പഴയ പാലം പൊളിച്ച് പുതിയ പാലത്തിന്റെ നിർമ്മാണം ത്വരിതപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് പൊതുമരാമത്ത് വകുപ്പിന് നിർദ്ദേശം നൽകി.നീലേശ്വരം നഗരത്തിലേക്കുള്ള കവാടമായ മാർക്കറ്റ് ജംഗ്ഷൻ മണ്ണിട്ട് ഉയർത്തി ജംഗ്ഷനെ രണ്ടായി മുറിച്ച് വികസനം കൊട്ടിയടക്കുന്ന തരത്തിൽ എംബാങ്ക്ഡ് പാലം നിർമ്മിക്കുന്നുവെന്ന പരാതിയിലാണ് ഉത്തരവ്.എന്നാൽ മാർക്കറ്റ് ജംഗ്ഷന് സമീപം നിലവിൽ പാലമുണ്ടെന്നും അത് പൊളിച്ച് മാറ്റുന്നില്ലെന്നും ദേശീയപാതാ നിർമ്മാണം ഇതിനകം 75% പൂർത്തിയായ സാഹചര്യത്തിൽ പുതിയ മാറ്റം സാധ്യമാവില്ലെന്നും ദേശീയപാതാ അതോറിറ്റി കമ്മീഷനെ അറിയിച്ചു. നഗരസഭാ അധ്യക്ഷന്റെയും കൗൺസിലർമാരുടെയും ആവശ്യം കണക്കിലെടുത്ത് കാൽനടയാത്രക്കാർക്കായി അടിപ്പാത നിർമ്മിച്ചിട്ടുണ്ടെന്നും ദേശീയപാതാ അതോറിറ്റി റിപ്പോർട്ടിൽ പറയുന്നു. ഇരുവശത്തും രണ്ട് വരികളുള്ള സർവീസ് റോഡുകൾ നിർമ്മിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ പാലം ബലക്ഷയമുള്ളതാണെന്നും ഇത് പൊളിച്ചു പുതിയ പാലം നിർമ്മിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും പരാതിക്കാരൻ അറിയിച്ചു.ദേശീയപാതാ അതോറിറ്റി പ്രോജക്റ്റ് എഞ്ചിനീയർക്കും പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർക്കുമാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. നീലേശ്വരം നഗരസഭാ കൗൺസിലർ ഇ. ഷജീർ സമർപ്പിച്ച പരാതിയിലാണ് നടപടി.
