കാസർകോട്: വീട്ടിൽ ഉറങ്ങികിടക്കുകയായിരുന്ന ഒൻപതുകാരിയെ എടുത്തു കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ശനിയാഴ്ച കോടതി വിധി പറയും. ഹൊസ്ദുർഗ്ഗ് അതിവേഗ പ്രത്യേക പോക്സോ കോടതിയാണ് വിധി പ്രസ്താവിക്കുക. ഹൊസ്ദുർഗ്ഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ പെൺകുട്ടിയാണ് പീഡനത്തിനിരയായത്. വിധി എന്താണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് നാട്. 2024 മെയ് 15 നാണ് കേസിനാസ്പദമായ സംഭവം. കർണാടക, കുടക് , നാപോക്ക്സ്വദേശിയായ പി. എ.സലീം (40) ആണ് കേസിലെ പ്രതി. പീഡനത്തിനു ഇരയായ പെൺകുട്ടിയുടെ സ്വർണ്ണക്കമ്മൽ കണ്ണൂർ, കൂത്തുപറമ്പിലെ ജ്വല്ലറിയാൻ വിൽക്കാൻ സഹായിച്ചതിന് സലീമിന്റെ സഹോദരി സുഹൈബ (21) യും കേസിലെ പ്രതിയാണ്. സുഹൈബയ്ക്ക് അറസ്റ്റിലായ സമയത്ത് തന്നെ ജാമ്യം കിട്ടിയിരുന്നുവെങ്കിലും സലിം കണ്ണൂർ സ്പെഷ്യൽ ജയിലിൽ റിമാന്റിൽ കഴിയുകയാണ്. സംഭവ ദിവസം പുലർച്ചെ മൂന്നിന് കുട്ടിയുടെ മുത്തച്ഛൻ പശുവിനെ കറക്കാനായി പോയപ്പോഴാണ് സലിം മുൻവാതിൽ വീട്ടിനകത്തു കയറിയത്. ഉറങ്ങികിടക്കുകയായിരുന്ന പെൺകുട്ടിയെ എടുത്ത് കൊണ്ടുപോയി അര കിലോമീറ്റർ അകലെയുള്ള വയലിൽ വച്ചാണ് പീഡിപ്പിച്ചത്. തുടർന്ന് കമ്മലുമായാണ് പ്രതി സ്ഥലം വിട്ടത്. പേടിച്ചു വിറച്ച പെൺകുട്ടി ഇരുട്ടിൽ തപ്പിതടഞ്ഞ് സമീപത്തെ വീട്ടിലെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയിൽ കമ്മൽ വിറ്റു കിട്ടിയ പണവുമായി പ്രതി മഹാരാഷ്ട്രയിലേയ്ക്ക് കടക്കുകയായിരുന്നു. പിന്നീട് ബംഗ്ളൂരുവിലെത്തി. അവിടെ നിന്നു ആന്ധ്രപ്രദേശിലേയ്ക്ക് രക്ഷപ്പെട്ട പ്രതിയെ ഒൻപതാം നാളാണ് പൊലീസ് അറസ്റ്റു ചെയ്തത്. മുപ്പത്തിയൊൻപതാം ദിവസം അന്നത്തെ ഹൊസ്ദുർഗ്ഗ് പൊലീസ് ഇൻസ്പെക്ടർ എം.പി. ആസാദ് ജില്ലാ സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. 300 പേജുകളടങ്ങിയതായിരുന്നു കുറ്റപ്പത്രം. രക്തസാമ്പിൾ, പ്രതിയുടെ വസ്ത്രം, ബാഗ്, ടോർച്ച്, സ്ഥലത്തു നിന്നു കിട്ടിയ തലമുടി തുടങ്ങി 40 ൽ അധികം വസ്തുക്കളാണ് കേസിൽ തെളിവുകളായി ഹാജരാക്കിയിരുന്നത്.
