കാസർകോട്: ബേക്കൽ പൊലീസ് സ്റ്റേഷനിൽ നിന്നും വിളിപ്പാട് അകലെയുള്ള അടച്ചിട്ട വീട്ടിലും ഒറ്റമുറിയിലും സൂക്ഷിച്ചിട്ടുള്ള കോടികൾ വില വരുന്ന പുരാവസ്തുക്കൾ സംബന്ധിച്ച ദുരൂഹത തുടരുന്നു. ഏഴു വർഷമായി അടഞ്ഞുകിടക്കുന്ന വീട്ടിൽ സൂക്ഷിച്ചിട്ടുള്ള പുരാവസ്തുക്കൾ വില്പന നടത്താൻ ഉടമസ്ഥൻ നേരത്തെ തയ്യാറായിരുന്നു. ഇടനിലക്കാർ വഴിയാണ് ഇതിനുള്ള ശ്രമം നടത്തിയിരുന്നതെന്നു പൊലീസ് അന്വേഷണത്തിൽ വ്യക്തമായതായാണ് സൂചന. എന്നാൽ അജ്ഞാത കാരണങ്ങളാൽ ഇടപാട് നടന്നില്ലത്രെ. തൊട്ടുപിന്നാലെ ദിവസങ്ങൾക്കകം ഉടമസ്ഥൻ വാർധക്യ സഹജമായ കാരണങ്ങളാൽ മരണപ്പെടുകയുമായിരുന്നുവത്രെ. അതോടെ പുരാവസ്തുക്കൾ അനാഥാവസ്ഥയിലാവുകയും ചെയ്തു.അടച്ചിട്ട വീട്ടിൽ ഉള്ളത് കോടികൾ വില മതിക്കുന്ന വസ്തുക്കളാണെന്ന് അവകാശികൾ അറിഞ്ഞിരുന്നില്ലത്രെ.
ഇതിനിടയിൽ വില പിടിപ്പുള്ള ചില സാധനങ്ങൾ മോഷണം പോയതായും സൂചനയുണ്ട്. കണ്ണൂർ സെൻട്രൽജയിലിൽ വച്ച് ഏതാനും പ്രതികൾ നടത്തിയ ചർച്ചയുടെ തുടർച്ചയായാണ് പുരാവസ്തുക്കൾ നാടുകടത്തപ്പെട്ടതെന്നു പറയുന്നു .ഇതു സംബന്ധിച്ച വിശദ വിവരങ്ങൾ പൊലീസിനു ലഭിച്ചിട്ടുള്ളതായാണ് സൂചന. ആഗസ്ത് 26 ന് തൃശൂരിൽ നിന്ന് ആർക്കിയോളജി വകുപ്പ് ഉദ്യോഗസ്ഥർ എത്തി പുരാവസ്തുക്കൾ പരിശോധിച്ച ശേഷം അന്വേഷണം ഊർജ്ജിതമാക്കാനാണ് പൊലീസിന്റെ തീരുമാനം.
