കാസർകോട്: പശുഫാമിൽ നിന്ന് ഒന്നേകാൽ ലക്ഷം വിലമതിക്കുന്ന കറവ യന്ത്രങ്ങളും മോട്ടോറുകളും മോഷ്ടിച്ചു വിറ്റ സംഭവത്തിൽ 5 പേർ അറസ്റ്റിൽ. കൈതക്കാട് സ്വദേശി പ്രശാന്ത്(35), മല്ലക്കര സ്വദേശി രാകേഷ് (35), പിലിക്കോട് കോതോളിയിലെ വി.വി. സജീഷ്, സി.എച്ച്. പ്രശാന്ത് (42), പിലിക്കോട് മടിവയലിലെ നിധിൻ എന്ന രാജേഷ് (36) എന്നിവരെയാണ് ചന്തേര എസ്.ഐ. സതീഷും സംഘവും പിടികൂടിയത്. കാലിക്കടവ് കരക്കേരുവിലെ രാമന്റെ മകൻ പി. പ്രമോദിന്റെ പിലിക്കോട് കണ്ണങ്കൈയിലെ പശുഫാമിലാണ് സംഘം മോഷണം നടത്തിയത്. ജൂൺ 10 നും ആഗസ്ത് 12നുമിടയിൽ കറവ യന്ത്രവും മോട്ടോറുകളും മോഷണം പോവുകയായിരുന്നു. ഫാമുടമയുടെ പരാതിയിൽ ചന്തേര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മോഷ്ടിച്ച വസ്തുക്കൾ പടന്ന ഗണേശ് മുക്കിലെ ആക്രിക്കടയിൽ വിറ്റതായും കണ്ടെത്തി.
