കാസര്‍കോട്: വൊര്‍ക്കാടിയില്‍ നായാട്ടിനെത്തിയ കുറ്റിക്കോല്‍ സ്വദേശികളെയും തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ച് തോക്കും തിരകളും പണവും കൊള്ളയടിച്ച കേസില്‍ ഒരാള്‍ കൂടി പൊലീസിന്റെ പിടിയില്‍. വൊര്‍ക്കാടി പുരുഷംകോടിയിലെ മുഹമ്മദ് റാഷിഖി(25)നെയാണ് മഞ്ചേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ ഇ. അനൂബ് കുമാറും സംഘവും കര്‍ണ്ണാടക മഞ്ചിയില്‍ വച്ച് പിടികൂടിയത്. വൊര്‍ക്കാടിയില്‍ നായാട്ടിനെത്തിയതായിരുന്നു കുറ്റിക്കോല്‍ സ്വദേശിയായ നിധിന്‍രാജും സുഹൃത്തുക്കളും. ഈ സമയത്ത് സ്ഥലത്തെത്തിയ അംഗഡിപ്പദവിലെ സൈഫുദ്ദീന്‍ എന്ന പൂച്ച സെയ്ഫര്‍(29), കൂട്ടാളികളായ കാസര്‍കോട്, ഹിദായത്ത് നഗറിലെ മൊയ്തീന്‍ എന്ന ചറുമുറു മൊയ്തീന്‍ (29), ഉളിയത്തടുക്ക, നാഷണല്‍ നഗറിലെ മുഹമ്മദ് സുഹൈല്‍ (28) എന്നിവരും ഇപ്പോള്‍ പിടിയിലായ മുഹമ്മദ് റാഷിഖും ചേര്‍ന്ന് തട്ടിക്കൊണ്ടു പോയി കൊള്ളയടിച്ചുവെന്നാണ് കേസ്. അന്ന് നാലു പ്രതികളെയാണ് അറസ്റ്റു ചെയ്തിരുന്നത്. മുഹമ്മദ് റാഷിഖ് ഓടി രക്ഷപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം റാഷിഖ് കടമ്പാറില്‍ ഉള്ളതായി സൂചന ലഭിച്ചാണ് ഇന്‍സ്‌പെക്ടറും സംഘവും സ്ഥലത്തെത്തിയത്. പൊലീസ് വാഹനം കണ്ടതോടെ മുഹമ്മദ് റാഷിഖും സംഘവും കാറില്‍ കയറി അമിത വേഗതയില്‍ മുന്നോട്ട് കുതിച്ചു. പൊലീസ് പിന്തുടര്‍ന്നതോടെ കാര്‍ അതിര്‍ത്തി കടന്ന് കര്‍ണ്ണാടകയിലേക്ക് കുതിച്ചു. ഇതിനിടയിലാണ് എതിരെ വരികയായിരുന്ന കാറുമായി കൂട്ടിയിടിച്ചത്.
