കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരംവാധിച്ച മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ വീട്ടിലെ കിണറില്‍ അമീബ സാന്നിധ്യം. ഇതേ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ്. അതേസമയം ഓമശ്ശേരിയിലെ കുഞ്ഞിന്റെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച യുവാവിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്. മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനും യുവാവിനുമാണ് രോഗം സ്ഥിരീകരിച്ചത്. പനി ബാധിച്ചാണ് രണ്ടുപേരും ചികില്‍സക്കെത്തിയത്. മെഡിക്കല്‍ കോളേജില്‍ നടത്തിയ സ്രവപരിശോധനയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരുന്നു. അന്നശ്ശേരി സ്വദേശിയായ യുവാവിന്റ വീട്ടിലും ആരോഗ്യ വകുപ്പ് അധികൃതരെത്തി ജലത്തിന്റെ സാംപിളുകള്‍ ശേഖരിച്ചിരുന്നു.
താമരശ്ശേരിയില്‍ നാലാംക്ലാസുകാരി അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചതോടെ പ്രദേശത്ത് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ചയാണ് താമരശ്ശേരി സ്വദേശിനിയും നാലാം ക്ലാസ് വിദ്യാര്‍ഥിനിയുമായ അനയ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്.
