കാസര്‍കോട്: മഹാകവി ടി.ഉബൈദിന്റെ സ്മരണയ്ക്ക് ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ ടി.ഉബൈദ് സ്മാരക സാഹിത്യ ശ്രേഷ്ഠ പുരസ്‌കാരം പ്രശസ്ത കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡണ്ടുമായ പ്രൊഫ.കെ.സച്ചിദാനന്ദന്. അവാര്‍ഡ് തൃശൂരിലെ ശക്തന്‍ നഗറിലെ എം ഐ സി ഓഡിറ്റോറിയത്തില്‍ 20 നു വൈകിട്ടു സമ്മാനിക്കും. കവിതയിലും ഭാഷയിലും സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലും ശ്രദ്ധേയ സംഭാവനകളര്‍പ്പിച്ചതിനാണ് അവാര്‍ഡ്. രണ്ടാമത് ഉബൈദ് പുരസ്‌കാരമാണിത്. ജൂറി അംഗങ്ങളായ ഡോ. എം.കെ മുനീര്‍ എം.എല്‍.എ, ടി.പി. ചെറൂപ്പ, കല്ലട്ര മാഹിന്‍ ഹാജി, എ അബ്ദുല്‍ റഹ്‌മാന്‍, യഹ്യ തളങ്കര, ജലീല്‍ പട്ടാമ്പി എന്നിവരാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
ഉബൈദിന്റെ വേര്‍പാടിന്റെ അരനൂറ്റാണ്ട് പിന്നിട്ട വേളയില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും മതേതര മൂല്യങ്ങളുടെയും സാഹോദര്യത്തിന്റെയും പ്രചാരകനും കാവലാളുമെന്ന നിലയിലാണ് സച്ചിദാനന്ദനെ ഈ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. അദ്ദേഹത്തെ ആദരിക്കാനാകുന്നതില്‍ വലിയ ആഹ്ളാദവും അഭിമാനവുമുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.

ഇംഗ്ലീഷ് പ്രൊഫസറായ സച്ചിദാനന്റെതായി മലയാളത്തില്‍ 42 കൃതികളും കവിതാ സമാഹാരങ്ങളും, ഇംഗ്ലീഷില്‍ 9 കൃതികളും, അറബിക്, ഐറിഷ്, ഫ്രഞ്ച്, ജര്‍മന്‍, ഇറ്റാലിയന്‍, സ്പാനിഷ്, ചൈനീസ്, ജപ്പാനീസ് ഭാഷകളില്‍ 41 വിവര്‍ത്തനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘മൂന്നാമിടം’ എന്ന കവിതാ ഗ്രന്ഥം അദ്ദേഹം എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇന്ത്യന്‍ സാഹിത്യത്തെ കുറിച്ച് ഇംഗ്ലീഷില്‍ 5 പുസ്തകങ്ങളും, ലോക കവിതകളില്‍ നിന്നും ഡസനിലധികം പരിഭാഷകളും എഡിറ്റ് ചെയ്തവയുമടക്കം 20 ഗ്രന്ഥങ്ങളുമുണ്ട്. പ്രസിദ്ധമായ എഴുത്തഛന്‍ പുരസ്‌കാരം, മാതൃഭൂമി സാഹിത്യ പുരസ്‌കാരം, കേരള-കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, കേരളയൂണിവേഴ്സിറ്റിയുടെ ഒ.എന്‍.വി അവാര്‍ഡ്, കര്‍ണാടക, ആന്ധ്ര, ഒഡീഷ, മഹാരാഷ്ട്ര സംസ്ഥാനങ്ങളുടെ പ്രമുഖ പുരസ്‌കാരങ്ങള്‍ എന്നിവയുള്‍പ്പെടെ 75 ലധികം പ്രമുഖ ബഹുമതികള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
6 ഭൂഖണ്ഡങ്ങളിലായി 30ലധികം രാജ്യങ്ങളിലെ പുസ്തക മേളകളില്‍ കവിതകള്‍ അവതരിപ്പിക്കുകയും, പ്രഭാഷണം നടത്തുകയും ചെയ്തിട്ടുണ്ട്. മലയാളത്തിലെ പ്രധാന പ്രസാധകര്‍ക്ക് പുറമെ, പ്രസിദ്ധമായ ഹാര്‍പര്‍ കോളിന്‍സ്, പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് അടക്കമുള്ള മറ്റു പ്രമുഖ അന്താരാഷ്ട്ര പ്രസാധകരും അദ്ദേഹത്തിന്റെ കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉബൈദ് സ്മാരക പ്രഥമ അവാര്‍ഡ് കവിയും സാംസ്‌കാരിക പ്രവര്‍ത്തകനും പ്രഭാഷകനുമായ ആലങ്കോട് ലീലാ കൃഷ്ണനായിരുന്നുവെന്ന് ദുബായ് കെഎംസിസി കാസര്‍കോട് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി, ജനറല്‍ സെക്രട്ടറി ഹനീഫ് ടിആര്‍, ട്രഷറര്‍ ഡോക്ടര്‍ ഇസ്മായില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.