കാസര്‍കോട്: ഈ പാതാളക്കുഴി ഒന്ന് മൂടിത്തരാന്‍ വല്ല വകുപ്പുമുണ്ടോ..? ചോദിക്കുന്നത് കെഎസ്ആര്‍ടിസി ജീവനക്കാരും, ഇരുചക്രവാഹനക്കാരും. കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് സമീപത്തെ കെ പി ആര്‍ റാവു റോഡിലെ വലിയ കുഴി അപകടം മാടി വിളിക്കുന്നു. ശക്തമായ മഴയില്‍ കുഴിയില്‍ നിറയെ ചളി വെള്ളവും കെട്ടിക്കിടക്കുന്നുണ്ട്. ഇതുവഴി രാത്രികാലങ്ങളില്‍ പോകുന്ന ഇരുചക്രവാഹനക്കാരും, ഓട്ടോറിക്ഷകളും കുഴിയുടെ ആഴമറിയാതെ വീണ് അപകടത്തില്‍ പെടുന്നതായും പരാതിയുണ്ട്.
ഡിപ്പോയില്‍ നിന്ന് നിരവധി കെഎസ്ആര്‍ടിസി ബസുകളും പഴയ ബസ് സ്റ്റാന്‍ഡ് വഴിയാണ് പുതിയ ബസ് സ്റ്റാന്‍ഡിലേക്ക് പോകുന്നത്. കുഴി വലിയതോതില്‍ ഗര്‍ത്തമായി മാറിയതോടെ കെഎസ്ആര്‍ടിസി ബസുകളും ഇതുവഴി പോകുന്നില്ല. പലപ്പോഴും ടൗണില്‍ ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് കെഎസ്ആര്‍ടിസി ബസുകള്‍ ഇതുവഴി തിരിച്ചുവിടാറുള്ളത്. വാഹനങ്ങള്‍ പോകുമ്പോള്‍ ചളിവെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ കെഎസ്ആര്‍ടിസി ഡിപ്പോയിലേക്ക് നടന്നുവരുന്ന യാത്രക്കാരുടെ ശരീരത്തില്‍ പതിക്കുന്നതായി പരാതിയുണ്ട്. സമീപത്തെ വ്യാപാരസ്ഥാപനങ്ങള്‍ക്കും പ്രയാസമുണ്ടാക്കുന്നു. പാതാള കുഴി മൂടാന്‍ അടിയന്തിര നടപടി ഉണ്ടാകണമെന്നാണ് കെഎസ്ആര്‍ടിസി ജീവനക്കാരുടെയും, യാത്രക്കാരുടെയും, വ്യാപാരികളുടെയും ആവശ്യം.
