കോഴിക്കോട്: താമരശ്ശേരിയിലെ 9 വയസ്സുകാരി മരിച്ചത് മസ്തിഷ്ക ജ്വരം ബാധിച്ചെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കോരങ്ങാട് ഗവ.എൽപി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിനി താമരശ്ശേരി കോരങ്ങാട് ആനപ്പാറപൊയിൽ സനൂപിന്റെ മകൾ അനയയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ടാണ് പുറത്തുവന്നത്. പനി ബാധിച്ച അനയയെ വ്യാഴാഴ്ച വീട്ടുകാർ ആദ്യം താമരശ്ശേരി താലൂക്ക് സർക്കാർ ആശുപത്രിയിലും പിന്നീട് ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. ഉയർന്ന രക്തത്തിന്റെ അളവും ആരോഗ്യസ്ഥിതി വഷളായതും കാരണം അനയയെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തിരുന്നതായി ആശുപത്രി സൂപ്രണ്ട് പറഞ്ഞു.അനയയുടെ രണ്ടു സഹോദരങ്ങളും സഹപാഠികളായ രണ്ടുപേരും ഒരു ബന്ധുവും ഉൾപ്പെടെ അഞ്ചുപേരെ പനി ബാധിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പനി കുറഞ്ഞതിനെ തുടർന്ന് ഇവരെ വെള്ളിയാഴ്ച വൈകിട്ടോടെ ഡിസ്ചാർജ് ചെയ്തു. ഇവർക്ക് സാധാരണ വൈറൽ പനിയാണ് ബാധിച്ചതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി. സംസ്ഥാനത്ത് ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചു മരിച്ചവരുടെ എണ്ണം ഇതോടെ അഞ്ചായി. ഇതിൽ 4 മരണവും കോഴിക്കോട് ജില്ലയിലാണ്.
