കാസർകോട്: മഞ്ചേശ്വരം എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ നടന്ന വാഹന പരിശോധനയിൽ കർണാടക കെഎസ്ആര്‍ടിസി ബസില്‍ രേഖകളില്ലാതെ കടത്തുകയായിരുന്ന 55 പവനോളം(438.77 ഗ്രാം) സ്വർണാഭരണങ്ങളും 4 ലക്ഷം രൂപ കുഴൽ പണവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് കക്കോടി സ്വദേശി മേലേടത്ത് വീട്ടിൽ മുഹമ്മദ് ഫാസിലിനെ എക്സൈസ് കസ്റ്റഡിയിലെടുത്തു. മംഗളൂരുവിൽ നിന്നും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കർണാടക കെഎസ്ആര്‍ടിസി ബസിൽ നിന്നാണ് രേഖകൾ ഇല്ലാത്ത സ്വർണവും പണവും പിടികൂടിയത്. ശനിയാഴ്ച വൈകിട്ട് എക്‌സൈസ് സർക്കിൾ ഇന്‍സ്‌പെക്ടര്‍ കെ കെ ഷിജിൽ കുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് സ്വർണ്ണവും പണവും പിടികൂടിയത്. എക്സൈസ് ഇൻസ്പെക്ടർ ജിനു ജെയിംസ്, പ്രിവെന്റീവ് ഓഫീസർ എം.വി ജിജിൻ, ഗ്രേഡ് പ്രിവെന്റീവ് ഓഫീസർ ബാബുരാജ്, സിവില്‍ എക്‌സൈസ് ഓഫീസർമാരായ സുനിൽ കുമാർ, സജിത്ത് എന്നിവരും പരിശോധനയിൽ പങ്കെടുത്തു. പ്രതിയെ ജിഎസ്ടി ഡിപ്പാര്‍ട്ട്‌മെന്റിന് കൈമാറി.
