കാസർകോട്: സിഎൻജി പ്ലാന്റിൽ നിന്നും ഗ്യാസ് നിറച്ച് കാസർകോട്ടേക്ക് പോവുകയായിരുന്ന വാഹനത്തിൽ നിന്ന് വാതക ചോർച്ച ഉണ്ടായത് നാട്ടുകാരിൽ പരിഭ്രാന്തി പരത്തി. ശനിയാഴ്ച വൈകിട്ട് നാലുമണിയോടെ തീരദേശ പാതയിലെ തൃക്കണ്ണാട് എൽ പി സ്കൂളിനും സീ പാർക്കിനും ഇടയിലാണ് സംഭവം. ഗ്യാസിന്റെ പ്രഷർ മൂലം ഫില്ലിംഗ് പൈപ്പിന്റെ വാഷർ പുറത്തേക്ക് തള്ളി 2 സിലിണ്ടർ ലീക്കാവുകയായിരുന്നു. ചോർച്ചയുടെ ശബ്ദം ഡ്രൈവർ ഗംഗാധരന്റെ ശ്രദ്ധയിൽപെട്ടതോടെ റോഡിന്റെ അരികിലായി വാഹനം സുരക്ഷിതമായി നിർത്തി പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് കാസർകോട്ടെ അഗ്നി രക്ഷാസേനയെയും വിവരമറിയിച്ചു. അപ്പോഴേക്കും ഗ്യാസ് ചോർച്ച ക്രമാതീതമായി വർദ്ധിക്കുകയും അന്തരീക്ഷത്തിൽ പുക പോലെ വ്യാപിക്കുകയും ചെയ്തു. ഫയർ സ്റ്റേഷൻ ഓഫീസർ കെ ഹർഷയുടെയും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ വിഎൻ വേണുഗോപാൽ, വി എം സതീശൻ എന്നിവരുടെയും നേതൃത്വത്തിൽ 2 യൂണിറ്റ് വാഹനം സംഭവസ്ഥലത്തേക്ക് പെട്ടെന്ന് എത്തി. ചോർച്ച ഉണ്ടായിരുന്ന രണ്ട് ഗ്യാസ് ബുള്ളറ്റുകൾ പൂർണ്ണമായും തീർന്നിരുന്നു. പൊലീസും ഡ്രൈവറും ചേർന്ന് ചോർച്ച അടക്കാൻ പരമാവധി ശ്രമം നടത്തിയിരുന്നു. അപകടാവസ്ഥ ഒഴിവായതോടെ വാഹനം ബേക്കൽ പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിലേക്ക് മാറ്റി. അഗ്നിരക്ഷാസേന വാഹനം പരിശോധിച്ച് അപകടാവസ്ഥയില്ല എന്ന് ഉറപ്പുവരുത്തി. ബേക്കൽ പൊലീസ് അറിയിച്ചതിനനുസരിച്ച് അദാനി കമ്പനി സൂപ്പർവൈസർ സ്ഥലത്ത് എത്തി വാഹനം കാസർകോട്ടേക്ക് കൊണ്ടുപോയി.
