കാസര്‍കോട്: മൊഗ്രാല്‍ പുത്തൂരില്‍ ദേശീയപാതാ നിര്‍മാണത്തിന്റെ ഭാഗമായി സര്‍വീസ് റോഡിലേക്കുള്ള താല്‍കാലിക വഴി അടിച്ചതില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നശിപ്പിക്കുകയും സര്‍വീസ് റോഡിലൂടെയുള്ള ഗതാഗതം തടസപ്പെടുത്തുകയും ചെയ്ത 30 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മൊഗ്രാല്‍പുത്തൂര്‍ സ്വദേശികളായ അബൂബക്കര്‍ സിദ്ദീഖ്, അബ്ദുല്‍ ഹമീദ്, ഇല്യാസ്, ഹുസൈന്‍ ഹമീദ്, സാബിര്‍, നൗഫല്‍ എന്നിവരും കണ്ടാലറിയാവുന്ന 24 പേര്‍ക്കും എതിരെയാണ് കേസെടുത്ത്.
പ്രോജക്ട് എഞ്ചിനീയര്‍ കെ അശ്വിന്റെ പരാതിയിലാണ് ടൗണ്‍ പൊലീസ് കേസെടുത്തത്. മൊഗ്രാല്‍പുത്തൂരില്‍ ദേശീയപാതയില്‍ താല്‍ക്കാലികമായാണ് സര്‍വീസ് റോഡിലേക്ക് വഴിയിട്ടിരുന്നതെന്ന് പരാതിയില്‍ പറഞ്ഞു. ഈ വഴി അടക്കുന്നതിന് ഉണ്ടാക്കിക്കൊണ്ടിരുന്ന നിര്‍മാണപ്രവര്‍ത്തനമാണ് ബോധപൂര്‍വം സംഘം ചേര്‍ന്നെത്തിയ എതിര്‍കക്ഷികള്‍ നശിപ്പിച്ചതെന്നും അതുമൂലം പത്തായിരം രൂപയുടെ നഷ്ടം സംഭവിച്ചുവെന്നും പരാതിയില്‍ കൂട്ടിച്ചേര്‍ത്തു. ശനിയാഴ്ച പൊലീസിന്റെ സംരക്ഷണയില്‍ നിര്‍മാണ പ്രവര്‍ത്തനം പുനരാരംഭിച്ചിട്ടുണ്ട്. പൊലീസ് അന്വേഷണം തുടരുന്നു.
