കാസര്‍കോട്: കഴിഞ്ഞ ഒന്‍പത് വര്‍ഷമായി കേരളത്തില്‍ ഷെഡ്യൂള്‍ ചെയ്ത പവര്‍ കട്ടോ ലോഡ് ഷെഡിംഗോ ഉണ്ടായിട്ടില്ലെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. വിദ്യാനഗര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു മന്ത്രി. വികസനത്തിന്റെ നെടുംതൂണായ ഊര്‍ജ്ജ മേഖലയില്‍ കഴിഞ്ഞ ഒന്‍പത് വര്‍ഷത്തെ ഭരണം വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയത്. വൈദ്യുതി വിതരണം മേഖലയില്‍ 13015 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കിയത്.
ഏറെക്കാലം മുടങ്ങിക്കിടന്നിരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കി.
കരിന്തളം 400 കെവി ലൈന്‍ പൂര്‍ത്തിയാകുന്നതോടെ ഉത്തരകേരളത്തിലെ വൈദ്യുതീവിതരണത്തില്‍ വലിയ മുന്നേറ്റം ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. ഉഡുപ്പി കാസര്‍കോട് 400 കെവി ലൈന്‍ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുകയാണ്. രാജ്യത്ത് ആദ്യമായി നാലു മണിക്കൂര്‍ തുടര്‍ച്ചയായി വൈദ്യുതി നല്‍കാന്‍ കഴിയുന്ന ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം കാസര്‍കോട് മയിലാട്ടിയില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യതയില്ലാത്ത ഈ പദ്ധതി 15 മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
