കാസര്‍കോട്: ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് പെരിയ ബസാറില്‍ നിര്‍മ്മിക്കുന്ന സര്‍വീസ് റോഡുമായി ബന്ധപ്പെട്ട പ്രശ്‌നം സംബന്ധിച്ച് ജില്ലാ കളക്ടര്‍ക്ക് നാളെ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ദേശീയ പാത എല്‍എ യുനിറ്റ് 2 കാഞ്ഞങ്ങാട് സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ശശികുമാര്‍ അറിയിച്ചു. പൊതുപ്രവര്‍ത്തകന്‍ അബ്ദുള്‍ ലത്തീഫ് പെരിയയും നാട്ടുകാരും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ബുധനാഴ്ച രാവിലെ സ്ഥലം സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം നാട്ടുകാരെ അറിയിച്ചത്. സര്‍വീസ് റോഡു നിര്‍മ്മാണത്തില്‍ വലിയ അപാകതയുണ്ടെന്ന് സന്ദര്‍ശനത്തോടെ ബോധ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു. സമീപത്തെ വൈദ്യുതി തൂണും മാറ്റി സ്ഥാപിക്കാനാവശ്യമായ നടപടി സ്വീകരിക്കേണ്ടതുണ്ട്. സര്‍വീസ് റോഡുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കളക്ടറെ അറിയിക്കുമെന്നും അദ്ദേഹം അറിയിച്ചു. റിപ്പോര്‍ട്ട് കളക്ടര്‍ നിര്‍മ്മാണ കമ്പനിക്ക് കൈ മാറും. തുടര്‍ നടപടി സ്വീകരിക്കേണ്ടത് കമ്പനിയാണ് നിര്‍മ്മാണം നടക്കുന്ന റോഡും പരിസരങ്ങളും അദ്ദേഹം നേരില്‍ നോക്കി കണ്ടു. പരാതിക്കാരനായ അബദുള്‍ ലത്തീഫ്, വാര്‍ഡ് മെമ്പര്‍ ടി.വി അശോകന്‍, സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം മോഹനന്‍ എന്നിവരും, ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. സമരസമിതി നേതാക്കളും നാട്ടുകാരും സ്ഥലത്ത് എത്തിയിരുന്നു. നിലവിലെ സര്‍വീസ് റോഡ് നിര്‍മ്മാണം മൂലം ഉണ്ടാകാന്‍ പോകുന്ന വലിയ പ്രയാസങ്ങള്‍ നാട്ടുകാര്‍ തഹസില്‍ദാരുടെ ശ്രദ്ധയില്‍പ്പെടുത്തി.
