കാസര്‍കോട്: ജീവിതത്തിലേക്ക് തിരികെ പിടിക്കാന്‍ നാടൊന്നാകെ കൈകോര്‍ത്തിട്ടും ഫലമുണ്ടായില്ല, മുന്‍ ഫുട്‌ബോള്‍ താരം വലിയപറമ്പിലെ ടി.കെ.അനില്‍കുമാര്‍ ഒടുവില്‍ മരണത്തിനു കീഴടങ്ങി. അര്‍ബുദ ബാധിതനായ അനില്‍കുമാറി(54)നെ രക്ഷപ്പെടുത്തുന്നതിനു നാട്ടുകാരുടെ നേതൃത്വത്തിലുള്ള ചികിത്സാ സഹായ സമിതിയും കുടുംബവും ചേര്‍ന്ന് ചികിത്സ നടത്തി വരുന്നതിനിടയില്‍ വെള്ളിയാഴ്ചയാണ് മരണം സംഭവിച്ചത്. വലിയപറമ്പ് കെജിഎം സ്‌പോര്‍ട്സ് ക്ലബ്ബിന്റെ മികച്ച ഫുട്ബോള്‍ താരമായിരുന്നു. ക്ലബ് സെക്രട്ടറിയുമായിരുന്നു. കളിക്കളങ്ങളില്‍ ആവേശം പകര്‍ന്ന അനില്‍കുമാര്‍ മൂന്നരപ്പതിറ്റാണ്ടുകാലം കായിക രംഗത്ത് സജീവമായിരുന്നു. സംസ്ഥാന റഫറിസ് ബോര്‍ഡ് അംഗമായും കായിക സംഘാടകനായും പ്രവര്‍ത്തിച്ചു. പിന്നീട് ഓട്ടോത്തൊഴിലാളിയായി. കളിക്കളത്തിലും തൊഴിലിടങ്ങളിലും സൗമ്യനായിരുന്നു. ആശാന്‍ സ്മാരക കലാസമിതി, സഹ്യദയ ഗ്രന്ഥാലയം തുടങ്ങിയവയുടെ ഭാരവാഹിയായിരുന്നു. ഓട്ടോ തൊഴിലാളി യൂണിയന്‍ വലിയപറമ്പ് യൂണിറ്റ് സെക്രട്ടറിയായിരുന്നു. നൂറുക്കണക്കിനാളുകള്‍ അന്തിമോപചാരം അര്‍പ്പിച്ചു. സര്‍വകക്ഷി അനുശോചന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് വി.വി.സജീവന്‍ അധ്യക്ഷത വഹിച്ചു. കെ കെ കുമാരന്റെയും ടി കെ മാധവിയുടെയും മകനാണ്. പി വി സുനിതയാണ് ഭാര്യ. മകന്‍ അഭിജിത്ത്. സഹോദരങ്ങള്‍: ടി കെ മുരളി, രഞ്ജിത്ത്.
