കാസർകോട്: കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാന്റ് നിർമ്മാണ ജോലികൾ പൂർത്തിയാക്കി സെപ്റ്റംബർ 6നകം തുറന്നു കൊടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നഗരസഭാ സെക്രട്ടറിക്ക് നിർദ്ദേശം നൽകി.ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ രണ്ടു മാസത്തിനുള്ളിൽ സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.മാർച്ച് 7 ന് ആരംഭിച്ച ജോലികൾ സെപ്റ്റംബർ 6 നകം പൂർത്തിയാക്കാമെന്ന് നഗരസഭ സെക്രട്ടറി കമ്മീഷൻ സിറ്റിംഗിൽ നേരിട്ട് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. പഴയ ബസ് സ്റ്റാന്റ് അടച്ചിട്ടതിനെതിരെ ഇരിയ സ്വദേശി പി നവീൻരാജ് സമർപ്പിച്ച പരാതിയിലാണ് നടപടി. നഗരസഭാ കൗൺസിലിന്റെ തീരുമാനപ്രകാരമാണ് കോട്ടച്ചേരി ബസ് സ്റ്റാന്റ് അടച്ചിട്ടത്. 180 ദിവസം കൊണ്ട് പണി പൂർത്തിയാക്കാനാണ് കരാറുകാരന് നിർദ്ദേശം നൽകിയിട്ടുള്ളത്.തിരക്കേറിയ ബസ് സ്റ്റാന്റായതിനാൽ ജോലികൾ വൈകുന്നത് യാത്രക്കാർക്കും പൊതുജനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കുമെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ഉത്സവകാലത്തെ തിരക്ക് കൂടി കണക്കിലെടുത്ത് ജോലികൾ യഥാസമയം പൂർത്തിയാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
