കാസർകോട്: മുതിർന്ന സി പി ഐ നേതാവും ഹോസ്ദുർഗ് മുൻ എംഎൽഎ യുമായ മടിക്കൈ, ബങ്കളത്തെ എം നാരായണൻ അന്തരിച്ചു. 70 വയസ്സായിരുന്നു. മഞ്ഞപ്പിത്തം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കിടെ ചൊവ്വാഴ്ച്ച വൈകിട്ടാണ് അന്ത്യം. ഏതാനും ദിവസങ്ങളായി ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നില ഗുരുതരമായതിനെ തുടർന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റിയത്. 1991 മുതൽ 2001 വരെ ഹോസ്ദുർഗ് എം എൽഎ ആയിരുന്നു. എളേരി സ്വദേശിയായ നാരായണൻ എംഎൽഎ ആയതിനു ശേഷം മടിക്കൈയിലെ ബങ്കളത്തേക്ക് താമസം മാറുകയായിരുന്നു. എളേരിയിൽ എഐവൈഎഫ് യൂണിറ്റ് സെക്രട്ടറി,സി പി ഐ ബ്രാഞ്ച് സെക്രട്ടറി, സി പി ഐ ജില്ലാ കൗൺസിൽ അംഗം, ബി കെ എം യു ജില്ലാ പ്രസിഡൻ്റ്, സംസ്ഥാന വൈസ് പ്രസിഡൻ്റ്, ആദിവാസി മഹാസഭ സംസ്ഥാന സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ആദിവാസി മേഖലയിൽ പാർട്ടി കെട്ടിപ്പടുക്കാൻ വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. 2015 മുതൽ 2020 വരെ ജില്ലാ പഞ്ചായത്ത്ബേഡകം ഡിവിഷനിലെ അംഗമായിരുന്നു. മൃതദേഹം ബുധനാഴ്ച രാവിലെ 9 മണി മുതൽ 12 മണി വരെ ബങ്കളത്തും 12.30 മണി മുതൽ 3.30 വരെ കാഞ്ഞങ്ങാട് ടൗൺഹാളിലും എം എൻ സ്മാരകത്തിലും പൊതുദർശനത്തിന് ശേഷം വൈകീട്ട് എളേരിയിലേക്ക് കൊണ്ടുപോകും. എളേരിയിൽ പൊതുദർശനത്തിന് ശേഷം സമുദായ ശ്മശാനത്തിൽ സംസ്കരിക്കും. പരേതരായ മാവു വളപ്പിൽ ചന്തൻ വെള്ളച്ചി ദമ്പതികളുടെ മകനാണ്. ഭാര്യ: സരോജിനി കെ എം (കേരള മഹിളാ സംഘം കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി അംഗം). മക്കൾ: ഷീന, ഷീബ, ഷിംജിത്ത്. മരുമക്കൾ: സുരേഷ്, ഗോപാലൻ, രജനി. സഹോദരങ്ങൾ: പരേതരായ രാഘവൻ, ബാലൻ, കുഞ്ഞിരാമൻ, മാധവൻ, എം വി കുഞ്ഞമ്പു, എം കുമാരൻ (മുൻ ഹോസ്ദുർഗ് എംഎൽഎ, സി പി ഐ ജില്ലാ കൗൺസിൽ അംഗം).
