കുമ്പള: ലക്ഷക്കണക്കിനു രൂപ ചെലവഴിച്ചു നാട്ടുകാര്‍ക്കു കുടിവെള്ളം ഉറപ്പാക്കാന്‍ സ്ഥാപിച്ച കുമ്പള പഞ്ചായത്തിലെ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പദ്ധതി ഊജാറില്‍ മണ്ണിനു ജലതര്‍പ്പണം ചെയ്യുന്നു. ശക്തമായിത്തുടര്‍ന്ന മഴയില്‍ നനഞ്ഞു കുതിര്‍ന്ന് പ്രകൃതിദത്തമായ വെള്ളം കുടിച്ച ഭൂമി വാട്ടര്‍ അതോറിറ്റിയുടെ വെള്ളത്തെ തിരസ്‌ക്കരിച്ചു വെറുതെ ഒഴുക്കിക്കളയുന്നു. രണ്ടാഴ്ചയായി ആരിക്കാടി, കുമ്പള പ്രദേശങ്ങളില്‍ കുടിവെള്ളം കിട്ടാക്കനിയായി മാറിയിരിക്കുകയാണെന്നു മൗനികളായ നാട്ടുകാരും തൊട്ടതിനു പിടിച്ചതിനുമൊക്കെ ഗ്വാഗ്വ മുഴക്കുന്ന രാഷ്ട്രീയക്കാരും മൂക്കുകൊണ്ട് ആംഗ്യം കാണിക്കുന്നു. വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ ഇടക്കാലാശ്വാസത്തിനും ശമ്പള പരിഷ്‌ക്കരണത്തിനും ജോലി സമയത്തു റോഡിലൂടെ സംഘടിച്ചു നടന്ന് അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്നു. അവര്‍ക്കു ശമ്പളം പരിഷ്‌ക്കരിക്കാന്‍ ഉപഭോക്താക്കളെ അധികഭാരം അടിച്ചേല്‍പ്പിച്ചും പോരാത്തതിന് എവിടെ കടം കിട്ടുമെന്നന്വേഷിച്ചും സര്‍ക്കാര്‍ സമയം വിനിയോഗിക്കുന്നു.
ഉള്‍വാര്‍ പുഴയില്‍ നിന്ന് വൈദ്യുതി മോട്ടോര്‍ ഉപയോഗിച്ച് എടുക്കുന്ന വെള്ളം പുഴയോരത്ത് ശുദ്ധീകരിച്ച് അമ്പിലടുക്കയിലെ കൂറ്റന്‍ ടാങ്കില്‍ എത്തിച്ച ശേഷമാണ് കൊടിയമ്മ, ബംബ്രാണ, ആരിക്കാടി, കുമ്പള പ്രദേശങ്ങളിലേക്കു മെയിന്‍ പൈപ്പിലൂടെ കടത്തിവിടുന്നത്. ഈ പൈപ്പ് രണ്ടുമാസം മുമ്പാണ് ഊജാറില്‍ പൊട്ടി ഒഴുകാന്‍ തുടങ്ങിയതെന്നും അക്കാര്യം വാട്ടര്‍ അതോറിറ്റിക്കാരോടു പറഞ്ഞു മടുത്തുവെന്നും നാട്ടുകാര്‍ക്കു പരാതിയുണ്ട്. പരാതികൊണ്ടു ദാഹം ശമിക്കാത്ത നാട്ടുകാര്‍ ഇതും അനുഭവിക്കാന്‍ ഒരുങ്ങുകയാണെന്നു പറയുന്നു. അല്ലാതെന്താ ചെയ്യുകയെന്നു ഒരു ഉപഭോക്താവ് അടക്കം പറഞ്ഞു.
