കാസർകോട്: കാഞ്ഞങ്ങാട് സൗത്തിൽ ടാങ്കർ ലോറി മറിഞ്ഞതിനെ തുടർന്ന് വെള്ളിയാഴ്ച രാവിലെ ഗതാഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി. 18 ടൺ ഭാരമുള്ള എൽപിജി ഗ്യാസ് ടാങ്കർ ലോറി മാറ്റുന്നതുവരെയാണ് നിയന്ത്രണം. രാവിലെ 9:30 മുതൽ കാഞ്ഞങ്ങാട് നിന്നും നീലേശ്വരത്തേക്ക് വരുന്ന വാഹനങ്ങൾ പുതിയ കോട്ടയിൽ നിന്നും കല്ലൂരാവി വഴി നീലേശ്വരത്തേക്കും, നീലേശ്വരത്തുനിന്ന് കാഞ്ഞങ്ങാട്ടേക്ക് വരുന്ന വാഹനങ്ങൾ മടിക്കൈ കല്യാൺ റോഡ്, അരയി വഴി കാഞ്ഞങ്ങാട് എത്തിച്ചേരണമെന്ന് ഹൊസ്ദുർഗ് പൊലീസ് അറിയിച്ചു. ഹെവി വാഹനങ്ങൾ ഈ സമയത്ത് നിർത്തിയിടണം. പടന്നക്കാട് ദേശീയപാതയിലൂടെ വാഹനങ്ങളെ കടത്തിവിടില്ലെന്ന് പൊലീസ് അറിയിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മംഗളൂരുവിൽ നിന്ന് പോവുകയായിരുന്ന ടാങ്കർ ലോറി അപകടത്തിൽപ്പെട്ടത്. നിറയെ ലോഡുള്ളതുകൊണ്ടാണ് സുരക്ഷാ നടപടികൾ അധികൃതർ കൈക്കൊള്ളുന്നത്. കാഞ്ഞങ്ങാട് സഭയിലെ 18, 19, 26 വാർഡുകളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പരിസരത്തെ സ്കൂളുകൾക്കും അവധി നൽകിയിട്ടുണ്ട്.
