മഞ്ചേശ്വരം: ഓടിക്കൊണ്ടിരുന്ന കാറിനെ മറികടന്ന സ്‌കൂട്ടറിന്റെ നമ്പര്‍ നോക്കിയതില്‍ പ്രകോപിതനായ സ്‌കൂട്ടര്‍ യാത്രക്കാരന്‍ കാറുടമയെ മര്‍ദ്ദിച്ചതായി പരാതി. അതു കൊണ്ട് അരിശം തീരാഞ്ഞ് മൂര്‍ച്ഛയുള്ള ആയുധമെടുത്തു വീശി തന്നെ പരിക്കേല്‍പ്പിക്കുകയും ചെയ്‌തെന്നു കാര്‍ ഓടിച്ചിരുന്ന മഞ്ചേശ്വരം ബഡാജെ, അരിമല മജല്‍ ഹൗസിലെ അബ്ദുല്‍ മജീദ് മഞ്ചേശ്വരം പൊലീസില്‍ പരാതിപ്പെട്ടു. ബുധനാഴ്ച ഉച്ചക്കു രണ്ടേ മുക്കാലിനാണ് സംഭവമുണ്ടായതെന്നു പരാതിയില്‍ പറഞ്ഞു. അബ്ദുല്‍ മജീദ് ഹൊസങ്കടിയില്‍ നിന്ന് ആനക്കല്ലിലേക്ക് പോവുകയായിരുന്നു. ആ സമയത്ത് പിന്നാലെ വന്ന സ്‌കൂട്ടര്‍ കാറിനെ ഓവര്‍ടേക്ക് ചെയ്തു. അപ്പോള്‍ സ്‌കൂട്ടറിന്റെ നമ്പര്‍ അറിയാതെ നോക്കിപ്പോയത്രെ. ഇതു ശ്രദ്ധയില്‍ പെട്ടിട്ടാകാം സ്‌കൂട്ടര്‍ റോഡില്‍ നിറുത്തി കാറിന്റെ വഴി തടഞ്ഞു. ഇതു കണ്ടു കാറില്‍ നിന്നിറങ്ങിയ അബ്ദുല്‍ മജീദിനെ സ്‌കൂട്ടറില്‍ നിന്ന് ഇറങ്ങിയ മീഞ്ച കടമ്പാറിലെ കലന്തര്‍ ഉപ്പള വന്നു മര്‍ദ്ദിച്ചുവത്രെ. ഇതെന്തു കഥയെന്നു അന്തം വിട്ടു നില്‍ക്കുമ്പോള്‍ കലന്തര്‍ അഗ്രത്തില്‍ മൂര്‍ച്ഛയുള്ള ഒരു ആയുധം എടുത്തുവീശി. ആയുധം തട്ടി തനിക്കു പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് അബ്ദുല്‍ മജീദ് പരാതിയില്‍ പറഞ്ഞു. പൊലീസ് കേസ് എടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
