കാസര്‍കോട്: ചെറുവത്തൂര്‍ വീരമലക്കുന്നു ഇടിയുന്നത് ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയവും ഹാനികരവുമായ നിര്‍മ്മാണ രീതി കൊണ്ടാണെന്ന് കോണ്‍. നേതാവ് ടി.എന്‍ പ്രതാപന്‍ പറഞ്ഞു. ഇവിടെനിന്ന് വന്‍ തോതില്‍ മണ്ണ് തുരന്നെടുത്തു കോടിക്കണക്കിന് രൂപയുടെ കച്ചവടം നടത്തുകയാണെന്നും ഇത്തരം ഹൈവേ നിര്‍മ്മാണമാണ് ആവര്‍ത്തിക്കുന്ന അപകടത്തിനു കാരണമെന്നും അദേഹംപറഞ്ഞു. ദേശീയപാത നിര്‍മ്മാണം നടക്കുന്ന പല സ്ഥലങ്ങളിലും അഴിമതിയുടെ ബാക്കിപത്രമായി വന്‍ ദുരന്തം സംഭവിക്കാന്‍ പോകുന്നുവെന്ന ഭീതിയിലാണ് ജനങ്ങള്‍. റോഡ് നിര്‍മ്മാണ കമ്പനിയും സര്‍ക്കാരും ഗൗരവമായി ഇക്കാര്യം പരിശോധിക്കണം. പരിഹാരമുണ്ടാക്കണം- അദ്ദേഹം പറഞ്ഞു. ജില്ലയിലെ തീരപ്രദേശങ്ങളിലെ രൂക്ഷമായ കടലാക്രമണത്തിനു ശാശ്വത പരിഹാരമുണ്ടാക്കാന്‍ സര്‍ക്കാരിനോട് അദ്ദേഹം ആവശ്യപ്പെട്ടു. ഡിസിസി ഓഫീസില്‍ ചേര്‍ന്ന കോണ്‍ഗ്രസ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിസിസി പ്രസിഡണ്ട് പി.കെ ഫൈസല്‍ അധ്യക്ഷത വഹിച്ചു. ഡി സി സി ഭാരവാഹികള്‍ പ്രസംഗിച്ചു.
