കാസർകോട്: മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള വിവിധ ക്ഷേത്രങ്ങളിലും, മറ്റു ക്ഷേത്രങ്ങളിലും 24 നു കര്‍ക്കിടകവാവ് ബലിതര്‍പ്പണം നടക്കുമ്പോള്‍ ബലിതര്‍പ്പണം പുണ്യസ്ഥാനങ്ങളില്‍ ഭക്തജനങ്ങള്‍ക്ക് സുരക്ഷ ഒരുക്കുന്നതിനു ജില്ലാകളക്ടര്‍ ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ചു. എന്‍.ഡി.ആര്‍.എഫ് സ്‌പെഷ്യല്‍ സംഘം ബലതര്‍പ്പണം നടക്കുന്ന പ്രദേശങ്ങളില്‍ ക്യാമ്പ് ചെയ്യും. കടല്‍, കുളം, പുഴ എന്നിവിടങ്ങളിലെ തീർത്ഥസ്താനങ്ങളിൽ ചടങ്ങുകള്‍ നടക്കുന്നുണ്ടെങ്കില്‍ നീന്തലും, പ്രഥമ ശുശ്രൂഷ നല്‍കാന്‍ പരിശീലനവും ലഭിച്ച വാളണ്ടിയര്‍മാരെ നിയോഗിക്കാന്‍ ഫയര്‍ ആന്റ് റസ്‌ക്യൂ വകുപ്പിന് നിര്‍ദ്ദേശം നല്‍കി. റെസ്‌ക്യു ബോട്ടുകള്‍ സജ്ജമാക്കും. പോലീസ്, എക്‌സൈസ്, ആരോഗ്യം, പിഡബ്ല്യു.ഡി കെട്ടിടവിഭാഗം, ഫുഡ് ആന്റ് സേഫ്റ്റി, തദ്ദേശ സ്വയംഭരണ വകുപ്പ്, റവന്യൂ, ശുചിത്വ മിഷന്‍, ഫിഷറീസ് വകുപ്പുകള്‍ക്കും ജില്ലാകളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
